Info ആരോഗ്യം സോഷ്യൽ മീഡിയ വൈറൽ

കുട്ടികളിലെ കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ ? ശ്രദ്ധിക്കുക 

മൊബൈല്‍ ഫോണും ടാബും തിരിച്ചു ചോദിക്കുമ്പോള്‍ കുട്ടികള്‍ വയലന്റ് ആകുന്നു എന്ന് പരാതിപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വരുകയാണ്.കുട്ടിക്ക് ദേഷ്യം വന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക പ്രയാസമാകാറുണ്ടെങ്കില്‍, നമ്മള്‍ കുറച്ച്‌ ശ്രദ്ധിച്ചേ മതിയാകൂ. ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. അപ്രീതിയുണ്ടാകുമ്പോള്‍ എങ്ങനെയാണ് നിങ്ങളുടെ കുട്ടി പെരുമാറുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. ഒരു പൊട്ടിത്തെറി ഒഴിവാക്കാന്‍ ഇത് സഹായിക്കും. കുട്ടികളിലെ ഭാവവ്യത്യാസങ്ങള്‍ നിരീക്ഷിക്കുക. ദേഷ്യം ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. നിയന്ത്രണം വിടുന്നതിന് മുമ്ബ് കുട്ടികളെ സമാധാനിപ്പിക്കുക. കുട്ടികള്‍ക്ക് അടുത്തിരുന്ന് അവരോട് സ്‌നേഹത്തില്‍ സംസാരിക്കുക.
അടികൊടുത്തും ഭീഷണി പ്പെടുത്തിയും കുട്ടികളെ വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളമാവുകയേ ഉള്ളൂ.കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും യൂട്യുബിലും മറ്റും വരുന്ന സ്വതന്ത്രമായി ചിന്തിക്കുന്ന വീഡിയോ ബ്ലോഗേഴ്സിനെയും , അക്രമങ്ങള്‍ നിറഞ്ഞ ഗെയിമുകളുമാണ്. പലതും മലയാളികള്‍ എന്ന നിലയില്‍ നമുക്ക് കള്‍ചറല്‍ ഷോക്ക് നല്‍കുന്നതും ആവും. ശ്രദ്ധിക്കുക, നിങ്ങളുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക.
നമ്മുടെ മക്കള്‍ നമ്മള്‍ കരുതും പോലെ പെര്‍ഫെക്റ്റ്‌ ആകണം എന്നില്ല . ടീച്ചര്‍മാരോടും കൂടുകരോടും അവരുടെ നല്ല സ്വഭാവങ്ങളും ചീത്ത സ്വഭാവങ്ങളും ചോദിച്ചു മനസിലാക്കുക. ഇതില്‍ അശ്രദ്ധ വരുത്തിയാല്‍ ഭാവിയിലെ അവരുടെ ബുദ്ധി വികസനം മുതല്‍ വിദ്യാഭ്യാസത്തെ വരെ ഇതെല്ലാം ബാധിക്കാം. ഓര്‍ക്കുക കൂട്ടുകാരെക്കാള്‍ കൂടുതല്‍ കുട്ടികള്‍ കാണുന്നത് നിങ്ങളെയും നിങ്ങളുടെ തെറ്റുകളും ശരികളും ആണ്.
കോപം നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കുക .
  • 1. കോപവും ആക്രമണ മനോഭാവവും രണ്ടാണെന്ന് തിരിച്ചറിയുക
കോപം ഒരു സാധാരണ ആരോഗ്യകരമായ വികാരപ്രകടനമാണ് . എന്നാൽ കോപാകുലമായ വികാരങ്ങളും ആക്രമണാത്മക പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ നമള്‍  പാടുപെടുന്നു.വികാരങ്ങള്‍ക്ക് പേര് നല്‍കാന്‍  നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക, അതുവഴി കോപം, നിരാശ, വെറുപ്പ്   എന്നിവ മനസിലാക്കാന്‍ നിങ്ങള്‍കും  കഴിയും. “ദേഷ്യം തോന്നുന്നത് കുഴപ്പമില്ല, പക്ഷേ അടിക്കുന്നത് ശരിയല്ല” എന്ന് പറയുക. ദേഷ്യം തോന്നുമ്പോൾ അവരുടെ  പ്രവർത്തനങ്ങള്‍ക്ക് മേലെയുള്ള  നിയന്ത്രണം അവര്ക്കുണ്ടെന്നു മനസിലാക്കാന്‍  അവരെ സഹായിക്കുക.
  • 2.നിങ്ങള്‍ മാതൃകയാകൂ 
കോപം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കോപം തോന്നുമ്പോൾ നിങ്ങളുടെ വികാരങ്ങളെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികളെ കാണിക്കുക എന്നതാണ്. പൊട്ടിതിരിച്ചും ഒച്ചവച്ചും കോപപ്പെടുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഒരു സംശയവും വേണ്ട കുട്ടികളും ഇതേ പാത പിന്തുടരും.മറ്റുള്ളവരോടുള്ള ദേഷ്യം മക്കളോട് തീര്‍ക്കുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന അച്ഛനമ്മമാര്‍ ഉള്ള നാടാണ് നമ്മുടെത് .
  • 3.കുട്ടി നിയമങ്ങൾ സ്വീകരിക്കുക 
കയ്യിലുള്ളത് വലിച്ചെറിയരുത് , പുസ്തകം കീറരുത് ,അലറരുത് , വാതില്‍ കൊട്ടിയടക്കരുത് എന്നീ കാര്യങ്ങള്‍ നിബന്ധന പോലെ പ്രാവര്‍ത്തികമാക്കാന്‍ പഠിപ്പിക്കുക .ഇത് തെറ്റാണെന്നും , ഫോളോ ചെയ്യാത്ത പ്രകാരം അവര്‍ക്ക് നല്‍കുന്ന പ്ലേ ടൈം , ചോക്ലേറ്റ്സ് എന്നിവയുടെ അളവ് കുറയും എന്ന് അവരെ അറിയിക്കുക.
  • 4.വിശദീകരണം കൊടുക്കുക
എന്തെങ്കിലും ചെയ്യരുത് എന്ന് ഉയര്‍ന്ന ശബ്ദത്തില്‍ പറയാതെ,   പകരം എന്ത് ചെയ്യാം എന്ന് പറഞ്ഞു കൊടുക്കുക , കൂടെ എന്തുകൊണ്ട് അത് ചെയ്തു കൂടാ എന്നും പറഞ്ഞു കൊടുക്കുക .കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെന്നു വിചാരിക്കണ്ട , നമള്‍ വിചാരിക്കുന്നതിലപ്പുറമാകം അവരുടെ ബുദ്ധി.
  • 5.ആവിശ്യമെങ്കില്‍ വാഗ്ദാനം നല്‍കുക 
നല്ല പ്രവര്‍ത്തികള്‍ക്ക് നല്ല വാക്കും കഴിയുമെങ്കില്‍ ചെറിയ സമ്മാനങ്ങളും ഇഷ്ട ഭക്ഷണങ്ങളും ഉണ്ടാക്കി കൊടുക്കാം.നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അതവരെ പ്രേരിപ്പിക്കും
കുട്ടികളുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ സമയം കണ്ടെത്തി ശ്രദ്ധിക്കുക. കോപപ്രശ്നങ്ങൾ വഷളമാകുകയാണെങ്കില്‍, പ്രൊഫഷണൽ സഹായം തേടുക. പരിശീലനം ലഭിച്ച ഒരു പ്രൊഫഷണലിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ മനസിലാക്കി തരാനും  പ്രശനങ്ങള്‍ പരിഹരിക്കാനും പെട്ടെന്ന് സാധിച്ചെന്നു വരും..
error: Content is protected !!