ഇന്ത്യ

ശ്രീശാന്തിന്റെ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കളിക്കാം

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവര്‍ഷമായി ചുരുക്കി. ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്‌നിന്റേതാണ് ഉത്തര്. ഇതോടെ 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാം.2013 ആഗസ്റ്റിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ഐ.പി.എല്ലില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനു പുറമേ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് ബി.സി.സി.ഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ന്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ജെയ്ന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

’30 കളുടെ അവസാനത്തില്‍ നില്‍ക്കുന്ന ശ്രീശാന്തിനെ സംബന്ധിച്ച് ക്രിക്കറ്റ് താരം എന്ന നിലയില്‍ പ്രത്യേകിച്ച് ഫാസ്റ്റ് ബോളര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നല്ലകാലം ഇതിനകം തന്നെ കഴിഞ്ഞിരിക്കുകയാണ്.’ ജെയ്ന്‍ പറയുന്നു.