ഇന്ത്യ കേരളം

വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു; മദ്ധ്യ , തെക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത, മഴക്കെടുതിയിൽ ഇത് വരെ മരണം 82

ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 84 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2,61,292 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കാണാതായവരില്‍ കൂടുതലും മലപ്പുറത്ത് കവളപ്പാറയിലും പുത്തുമലയിലുമാണ്.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 15 മൃതദേഹങ്ങളാണ് കവളപ്പാറയില്‍ കണ്ടെത്തിയത്. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചുകൊണ്ടുള്ള തെരച്ചില്‍ തുടരുകയാണ്. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ അറിയിച്ചിരുന്നത്.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതനുസരിച്ച് ന്യൂനമർദ്ദം നാളെ രൂപപ്പെട്ടേക്കും.

മധ്യ, തെക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരദേശമേഖലയിലായിരിക്കും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, മഴയ്ക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടർ താഴ്ത്തി തുടങ്ങി. ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ജല സംഭരണികളിൽ ആറ് എണ്ണം മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. രണ്ട് ഡാമുകളിൽ സ്പിൽവേയിലൂടെയും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. വാളയാർ, കാരാപ്പുഴ ഡാമുകളും മൂലത്തറ റെഗുലേറ്ററും ഭൂതത്താൻകെട്ട്, മണിയാർ, പഴശി ബാരേജുകളുമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. മംഗലം, കുറ്റ്യാടി എന്നിവയുടെ സ്പിൽവേ ഷട്ടറുകൾ തുറന്നുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 26.27 ശതമാനം കുറവ് ജലമേ ജലവിഭവ വകുപ്പിന്റെ ജലസംഭരണികളിൽ ആകെയുള്ളൂ.