കേരളം ചുറ്റുവട്ടം

അടൂർ ഗോപാലകൃഷ്ണൻ തിരുവോണ ദിവസം ഉപവസിക്കും

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷകൾ ഇനി മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരത്തിൽ തിരുവോണ ദിവസം അടൂർ ഗോപാലകൃഷ്ണൻ പങ്കെടുക്കും. പതിനൊന്ന് ദിവസം പിന്നിട്ട പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സമരപന്തലിലും ജില്ലാ കേന്ദ്രങ്ങളിലും പ്രമുഖരുൾപ്പെടെയുള്ളവർ ഉപവാസ സമരം നടത്തും. നിരാഹാരസമരത്തിലായിരുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ. പി പ്രിയേഷിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വിദ്യാർത്ഥി മലയാളവേദി സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ നിരാഹാര സമരം ആരംഭിച്ചു.

അടൂർ ഗോപാലകൃഷ്ണൻ, എം ആർ തമ്പാൻ, വി മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പിഎസ്‌സിക്ക് മുന്നിൽ സമരം നടത്തും. സുഗതകുമാരി, എം. കെ സാനു, ഷാജി എൻ കരുൺ, സി രാധാകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, വി. ആർ പ്രബോധചന്ദ്രൻ നായർ, ബി രാജീവൻ തുടങ്ങിയവർ വീട്ടിലും ഉപവസിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

error: Content is protected !!