അജ്‌മാൻ

അംബേദ്‌കർ ഇന്റർനാഷണൽ പുരസ്‌ക്കാരനിറവിൽ അൽ അമീർ ചെയർമാൻ

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ പ്രഥമ അംബേദ്‌കർ ഇന്റർനാഷണൽ അവാർഡിന് അജ്‌മാൻ അൽ അമീർ സ്കൂൾ ചെയർമാൻ എ കെ അബ്ദുൾ സലാം തെരഞ്ഞെടുക്കപ്പെട്ടു.  അന്തർദേശീയ രംഗത്ത് ദളിത് ഉന്നമനത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി സ്റ്റേറ്റ് കമ്മിറ്റി എ കെ അബ്ദുൾ സലാമിനെ അവാർഡിന് തെരഞ്ഞെടുത്തത്.  10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 സെപ്റ്റംബർ 22ന് രാവിലെ 10 മണിക്ക് എറണാകുളം കോതമംഗലം പി ഡബ്ളിയു ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽവച്ച് പുരസ്‌കാരം സമ്മാനിക്കും.

 

സംസ്ഥാന മന്ത്രിമാരും കേന്ദ്ര നേതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. കൂടാതെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ഡോക്ടർ അംബേദ്‌കർ എക്‌സലൻസി സർവീസ് നാഷണൽ അവാർഡിനും എ കെ അബ്ദുൾ സലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 8ന് ഡൽഹി പഞ്ചശീൽ ആശ്രമിൽ വ്യത്യസ്ത രാഷ്‌ട്ര തലവന്മാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാണ് ദേശീയ പുരസ്കാരം സമ്മാനിക്കുന്നത്.

പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് വിലപ്പെട്ട സേവനമാണ് എ കെ അബ്ദുൾ സലാം നൽകിവരുന്നത്. എൻഡോ സൾഫാൻ ദുരിതം അനുഭവിക്കുന്ന ആളുകളുടെ അടുത്ത് നേരിട്ടെത്തി ആശ്വാസം പകർന്ന അബ്ദുൾ സലാം അവർക്ക് വീട് വച്ചുകൊടുക്കാനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള ശ്രമവുമായി മുന്നോട്ടു പോകുന്നതോടൊപ്പം ദളിത് വിദ്യാർത്ഥികൾക്ക് പഠനത്തിനു വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ട്. ദീനാനുകമ്പയോടൊപ്പം പരിസ്ഥിതി സ്നേഹത്തിലും തന്റേതായ സംഭാവനകൾ അര്പിക്കുന്നുണ്ട്.

അജ്‌മാൻ അൽ അമീർ സ്‌കൂൾ ക്യാമ്പസ്സിൽ ഫലസമൃദ്ധമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഭഗീരഥപ്രയത്നത്തിലും അദ്ദേഹം മുഴുകുന്നു.ലാഭത്തേക്കാൾ ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനത്തിലാണ് അബ്ദുൾ സലാം സാഫല്യം കണ്ടെത്തുന്നത്.