കേരളം ദുബായ്

കട അടയ്ക്കുമെന്ന പ്രചാരണം തെറ്റെന്ന്, പ്രളയകാലത്തെ ഹീറോ നൗഷാദ്.

ദുബായ് : ബ്രോഡ് വെയിലെ തന്‍റെ കട അടയ്ക്കാന്‍ പോകുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് നൗഷാദ്. ദുബായ് സ്മാ‍ർട്ട് ട്രാവല്‍സുമായി നടത്തിയ വാ‍ർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു നൗഷാദ്. താനൊരു വഴിയോര കച്ചവടക്കാരനാണ്. കട ഒഴിവാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വാസ്തവമില്ല. തന്‍റെ ജീവിതം ഇപ്പോഴും പഴയതുപോലെതന്നെയാണെന്നും നൗഷാദ് പറഞ്ഞു. സുമനസുകള്‍ നല്‍കുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ചെറുകിട കച്ചവടക്കാരൊക്കെ കട പൂട്ടാന്‍ നി‍ർബന്ധിതമാകുന്ന ഒരു സാഹചര്യമുണ്ടെന്നും നൗഷാദ് പറഞ്ഞു. കുടുംബമൊന്നിച്ചാണ് നൗഷാദ് ദുബായിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഉപ്പയെ കുറിച്ച് പറഞ്ഞ മകള്‍ക്ക് ദുബായിലേക്ക് വരാനായില്ല. ഏറ്റെടുത്ത ചില ജോലികള്‍ തീർക്കാനുളളതുകൊണ്ടാണ് ,മകള്‍ക്ക് വരാനാകാഞ്ഞതെന്ന് നൗഷാദിന്‍റെ ഭാര്യ നിസ പറഞ്ഞു.

വരുന്ന രണ്ട് മാസത്തെ സ്മാ‍ർട്ട് ട്രാവല്‍സിന്‍റെ ലാഭ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന് അഫി അഹമ്മദ്

പ്രളയകാലത്ത്, എല്ലാവർക്കും മാതൃകാപരമായ പ്രവർത്തനം നടത്തിയതിനാലാണ് നൗഷാദിന് ഒരു സമ്മാനമെന്ന രീതിയില്‍ ദുബായിലേക്ക് കൊണ്ടുവന്നതെന്ന്, സ്മാ‍ർട്ട് ട്രാവല്‍സ് എം ഡി അഫി അഹമ്മദ് പറഞ്ഞു. ബു‍ർജ് ഖലീഫയിലേക്ക് നൗഷാദിനെ കൊണ്ടുപോകണം. സിറ്റി ടൂറില്‍ യുഎഇയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഷാർജ ഇന്ത്യന്‍ അസോസേഷനിലും കെഎംസിസിയിലും പൊതു പരിപാടിക്ക് നൗഷാദിനെ ക്ഷണിച്ചിട്ടുണ്ടെന്നും അഫി അഹമ്മദ് പറഞ്ഞു.
ഈ വരുന്ന രണ്ട് മാസത്തെ തങ്ങളുടെ സന്ദർശക വിസ ലാഭ വിഹിതത്തിലെ 20 ശതമാനം കേരളത്തിലെ പ്രളയ ബാധിതർക്ക് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം.ഇത് ഏകദേശം പത്തുലക്ഷം രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുളള സഹായവുമായി മറ്റ് സ്ഥാപനങ്ങളും വന്നാല്‍ പ്രളയ ദുരിതത്തില്‍ കഴിയുന്നവർക്ക് അത് ആശ്വാസമാകുമെന്നും അഫി അഹമ്മദ് പറഞ്ഞു. സ്മാർട്ട് ട്രാവല്‍സിന് യുഎഇയില്‍ ഏഴ് സ്ഥാപനങ്ങളാണ് ഉളളത്. ഷാർജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പടെ മൂന്നിടത്ത് അടുത്തുതന്നെ ഓഫീസ് തുറക്കും. ഇതിനൊപ്പം കേരളത്തിലെ നാല് ജില്ലകളിലും ഓഫീസ് തുടങ്ങുമെന്നും ഫിനാന്‍സ് ഡയറക്ടർ മുഹമ്മദ് അന്‍വർ അറിയിച്ചു.