കേരളം ദുബായ്

നാസിലിന് പണം നല്‍കാനില്ല, കൊടുക്കാമെന്ന് പറഞ്ഞ പണം ദാനമായി നല്‍കുന്നതുപോലെ, തുഷാർ വെള്ളാപ്പളളി

ദുബായ് : നാസില്‍ അബ്ദുളളയുടെ ശബ്ദരേഖ പുറത്തുവന്നതോടെ തനിക്കെതിരായ കേസിലെ സത്യാവസ്ഥ പുറത്തുവന്നുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ദുബായില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തുഷാർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നാസിലിന് ചെക്ക് നല്‍കിയില്ലെന്ന തന്‍റെ വാദം ശരിവയ്കുന്നതാണ് ഇപ്പോള്‍ വന്ന തെളിവുകള്‍. ചെക്ക് തന്‍റെ ഓഫീസില്‍ നിന്ന് നാസില്‍ തന്നെയോ അല്ലെങ്കില്‍ മറ്റാരെങ്കിലും വഴിയോ മോഷ്ടിച്ചതാകാമെന്നും തുഷാർ പറഞ്ഞു.
2012ല്‍ യുഎഇയില്‍ നിലവില്‍വന്ന നിയമപ്രകാരം നേരത്തെയുണ്ടായിരുന്ന ചെക്കുകള്‍ നിരോധിച്ച് പുതിയ തരത്തിലുള്ള ചെക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ നോട്ട് നിരോധനം വന്നതുപോലെ, കൈവശമുള്ള പഴയ ചെക്കുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് അധികൃതര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നാസില്‍ ചെക്ക് മാറ്റി വാങ്ങിയിട്ടില്ല. തന്നെ കുടുക്കി പണം വാങ്ങാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമമെന്ന് വ്യക്തമാവുന്ന ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നു. അഞ്ച് പൈസയും നാസിലിന് കൊടുക്കാനില്ല. കരാര്‍ പ്രകാരമുള്ള ജോലിയുടെ ഗുണനിലവാരത്തിലെ വീഴ്ച പരിശോധിച്ചാല്‍ തനിക്ക് ഇങ്ങോട്ട് പണം നല്‍കാനുണ്ടാകുമെന്നും തുഷാര്‍ പറഞ്ഞു. ചെക്കിന് രണ്ട് പേർ ഒപ്പിട്ടാലെ സാധുതയുളളൂ. ഇക്കാര്യം ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും കേസ് വന്നപ്പോള്‍ ഒത്തുതീ‍ർപ്പിന് തയ്യാറായിരുന്നു. എന്നാല്‍ മൂന്ന് മില്ല്യണ്‍ ആവശ്യപ്പട്ടതോടെയാണ് ഒരു പൈസയും നല‍്കില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു ലക്ഷം ദിർഹം നല്‍കാമെന്ന് സമ്മതിച്ചു. ഇതൊന്നുമില്ലെങ്കിലും മാന്യമായി തന്നെ വന്ന് കണ്ടിരുന്നുവെങ്കില്‍ പണം താന്‍ നല്‍കുമായിരുന്നുവെന്നും തുഷാർ പറഞ്ഞു. സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ട് നാസിലിന് ഒരു ലക്ഷം ദിര്‍ഹം കൊടുക്കാമെന്ന് താന്‍ പറഞ്ഞതെന്നും അത് ദാനം പോലെയാണെന്ന് കരുതിയാല്‍ മതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഭവങ്ങളെ ജാതീയമായിപ്പോലും തിരിച്ചുവിടാന്‍ വരെ നാസില്‍ ശ്രമിച്ചു. തനിക്കെതിരെ യാത്രാ വിലക്ക് വേണമെന്ന് പറഞ്ഞ് നാസില്‍ കോടതിയില്‍ അപേക്ഷ കൊടുത്തു. ആവശ്യമായ രേഖയില്ലെന്ന് പറഞ്ഞ് അത് കോടതി തള്ളുകയായിരുന്നു. താന്‍ നാട്ടില്‍ പോകാന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. രേഖകള്‍ ശേഖരിച്ച് കോടതിയില്‍ കൊടുത്തു. വരും ദിവസങ്ങളില്‍ അത് ബോധ്യമാവും. സ്വന്തം സഹപാഠികളെപ്പോലും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നാസിലിന് സാധിച്ചിട്ടില്ല. രേഖകള്‍ താന്‍ ഉണ്ടാക്കിയതാണെന്ന് അദ്ദേഹത്തിന് അവരുടെ മുന്നില്‍ സമ്മതിക്കേണ്ടിവന്നു. തന്റെ അറിവില്‍ ആര്‍ക്കും താന്‍ ചെക്ക് കൊടുത്തിട്ടില്ല. എവിടെനിന്നോ മോഷ്ടിച്ചതാണ്. താന്‍ ഒപ്പിട്ട ലെറ്റര്‍ഹെഡ് വരെ ഉണ്ടെന്ന് പറയുന്നു. ചെക്കിലെ ഒപ്പ് തന്‍റെ തന്നെയാണ്. തന്റെ ഓഫീസില്‍ നിന്ന് ആരെങ്കിലും തന്നെ നല്‍കിയതാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലും നാട്ടിലും താന്‍ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കും കുടുംബമുണ്ട്. ഓണമായിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. എസ് എന്‍ ഡിപിയോഗം വൈസ് പ്രസിഡന്‍റെന്ന നിലയിലാണ് മുഖ്യമന്ത്രി ആ വിഷയത്തില്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. ലുലുഗ്രൂപ്പ് വിഷയത്തിലെ നിയമപരമായ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. താന്‍ തീയില്‍ കുരുത്തതാണ്. ഇത്തരം ബ്ലാക്ക് മെയിലിംഗിലോ ട്രാപ്പിലോ തളരില്ലെന്നും തുഷാർ വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളി ദുബായിൽ ഇന്ന് വൈകിട്ട് നടത്തിയ വാർത്താസമ്മേളനം വീഡിയോ കാണാം

തുഷാർ വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരെ കാണുന്നു .. ദുബായിൽ നിന്നും തത്സമയം.

ദുബായ് വാർത്ത – Dubai Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 2, 2019