അബൂദാബി ടെക്നോളജി ബിസിനസ്സ്

സാമ്പത്തിക സാങ്കേതികതയുടെ പുതുവഴികൾ തേടി ‘ഫിൻടെക്ക് അബുദാബി’ വീണ്ടും

അബുദാബി: വിവര സാങ്കേതിക വിദ്യ വളർച്ചയുടെ ഭാഗമായി സാമ്പത്തിക വിനിമയ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന നിരന്തര ചലനങ്ങൾ അന്വേഷിക്കുന്നതിനും അറിയുന്നതിനും പങ്കിടുന്നതിനുമായി അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് ഹസ്സാ ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി ഗ്ലോബൽ മാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ഫിൻടെക്ക് അബുദാബി’ മൂന്നാമത് പതിപ്പ് അബുദാബിയിൽ പുരോഗമിക്കുന്നു. അബുദാബി എക്സിബിഷൻ സെന്ററിലും ഇതര വേദികളിലുമായിട്ടാണ് മേള നടക്കുന്നത്.

മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്കൻ മേഖലകളിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ടെക്ക്‌നോളജി (ഫിൻടെക്ക്) മേളയായി അറിയപ്പെടുന്ന ഈ ത്രിദിന പരിപാടിയിൽ ലോക പ്രശസ്ത ബ്രാൻഡ് ഫിനാബ്ലറും അമരത്തുണ്ട്. പ്രധാന പ്രസംഗകരിൽ ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ടും ഉൾപ്പെടുന്നു. യു.എ.ഇ എക്സ്ചേഞ്ച്, യൂനിമണി, എക്സ്പ്രസ് മണി, ട്രാവലക്സ്, റെമിറ്റ് ടു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് എന്നീ ഏഴ് ഘടക കമ്പനികളെ മുൻനിർത്തി സാമ്പത്തിക കാര്യ സാങ്കേതികതയിൽ ഫിനാബ്ലർ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വിജയമാതൃകകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രതിനിധികളെ അഭിമുഖീകരിച്ചത്. 50 രാജ്യങ്ങളിൽ നിന്നായി 75 പ്രദർശകരും സ്റ്റാർട്ട് അപ്പ്‌ കമ്പനികൾ ഉൾപ്പെടെ 2000 ത്തിലേറെ സ്ഥാപനങ്ങളിൽ നിന്നായി 5000 പ്രതിനിധികളും പങ്കെടുക്കുന്ന മേളയിൽ നൂതന സാങ്കേതിക സംരംഭങ്ങളെ പരിചയപ്പെടുത്തുകയും നിരവധി സഹകരണ ഉടമ്പടികളും ഉത്പന്ന സേവനപങ്കാളിത്തവും ധാരണയാവുകയും ചെയ്തിട്ടുണ്ട്. ഫിൻടെക്ക് രംഗത്തെ നൂറോളം പ്രമുഖർ വിവിധ വിഷയങ്ങളെ കുറിച്ച് മേളയിൽ സംവാദം നടത്തുന്നുണ്ടായിരുന്നു. മേഖലയിലെ ധനവിനിമയ രംഗത്ത് അടിമുടി പുരോഗമനപരമായ ഗതിമാറ്റം ത്വരിതപ്പെടുത്തുവാൻ ഫിൻടെക്ക് അബുദാബി ഫെസ്റ്റിന് സാധിക്കുന്നുണ്ടെന്നും തുടക്കം മുതൽ ഈ യാത്രയിൽ സജീവ പങ്കാളികളായി ഫിനാബ്ലറിന് അവസരം ലഭിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രദീപ് കുമാറും പ്രതിനിധികളെ അഭിസംബോധന ചെയ്തു.

error: Content is protected !!