കേരളം

കേരളം ; മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമീ ദൂരത്ത് , പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 15 കിമീ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ഉച്ചയോടെ മഴ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ബാക്കിയെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.നേരത്തെ എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.എറണാകുളത്തും തൃശൂരും മലപ്പുറത്തും നാളെ യെല്ലോ അലര്‍ട്ടാണ്.

‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.