ദുബായ് വിനോദം

പ്രേക്ഷകശ്രദ്ധ നേടി സഹീർ സലിം സംവിധാനം ചെയ്ത ‘ലൂട്ട് ‘

വളരെയേറെ തിരക്ക് പിടിച്ച ഈ പ്രവാസ ജീവിതത്തിലും കുറച്ച് കലാകാരൻമാർ അവരുടെ ക്രിയാത്മകമായ ചില സൃഷ്ടികൾ ഒരുക്കാൻ സമയം കണ്ടെത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. ബ്ലോഗ്, ഫോട്ടോഗ്രഫി, വ്ലോഗ്, നാടകം, ഷോർട്ട് ഫിലിം, നൃത്തം അങ്ങനെ കുറേ മേഖലകളിൽ അവർ തങ്ങളുടെ വ്യക്‌തിമുദ്ര പതിപ്പിക്കുന്നുണ്ട്.

ഇതിൽ എറെ ശ്രമകരമായ, എന്നാൽ ജനകീയമായ ഒന്നാണ് ഷോർട് ഫിലിംസ്. UAE പശ്ചാത്തലമാക്കി ഒരു പാട് കുഞ്ഞു ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. അതിൽ ചിലതെല്ലാം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഈയടുത്ത് ശ്രദ്ധ നേടിയ ഒന്നാണ് ലൂട്ട്.

വിദേശത്ത് ജോലി ചെയ്യുന്ന അന്യരാജ്യക്കാർക്ക് സംഭവിക്കാൻ സാധ്യത ഉള്ള ഒരു ചതി കുഴിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഈ ചിത്രം , ആ കാരണം കൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. അത് മാത്രമല്ല റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആദ്യ അംഗീകാരവും ലൂട്ടിനെ തേടിയെത്തി. ഇന്ത്യൻ അസോസിയേഷനും അജ്‌മാൻ മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ജനം വർണ്ണ മയൂരം 2019 ഫിലിം & കൾച്ചറൽ ഫെസ്റ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും വളരെ മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. കൂടാതെ അന്തരിച്ച അനുഗ്രഹീത നടൻ ശ്രീ ബാലൻ K നായരുടെ സ്മരണാർത്ഥം നടത്തിയ ആദ്യ ഷോർട് ഫിലിം ഫെസ്റ്റിൽ പ്രത്യേക ജ്യൂറി പുരസ്‌കാരം നേടുവാനും ലൂട്ടിന് കഴിഞ്ഞു. ഈ കഴിഞ്ഞ 25ന് അജ്‌മാൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ നടിയും നർത്തകിയുമായ ശ്രീമതി ആശാ ശരത്ത് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും , ബാലൻ K നായരുടെ മകനും മലയാളത്തിലെ മികച്ച നടനുമായ മേഘനാഥൻ സർട്ടിഫിക്കറ്റ് ഓഫ് എക്സലന്സിനുള്ള അവാർഡും സമ്മാനിച്ചു.

ഡ്രീംസ് ആർട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹീർ സലിം ആണ്‌ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തൃശൂർ കാളത്തോട് സ്വദേശി ആയ സഹീറിന്റെയും സുഹൃത്തുക്കളുടെയും ആദ്യ സംരംഭം കൂടിയാണ് ലൂട്ട്. സഹീറിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പീറ്ററാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ , ഗൾഫ് നാടുകളിൽ വ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ചാണ് ഇതിന്റെ പ്രമേയം. ഒക്ടോബർ 20ന് നടനും, അവതാരകനും, ഹിറ്റ് 96.7 FM- RJ കൂടിയായ മിഥുൻ രമേശാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഈ ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിലെ പ്രധാന വേഷം ചെയ്‌തിരിക്കുന്നത് ദുബായിലെ ജാസ് റോക്കേഴ്സ് എന്ന ഡാൻസ് ട്രൂപ്പിലെ ഡാൻസർ കൂടിയായ ഷനൂഫ് ആണ്‌. ചിത്രം കണ്ടവരെല്ലാം ഷാനൂഫിന്റെ പ്രകടനത്തെ അഭിന്ദിച്ചു. റിജോ, ഷിജിൽ, ജെബിൻ ജേക്കബ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 11 മിനുട്ടോളം ദൈർഖ്യം ഉള്ള ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിബു വിശ്വൻ, ഇബ്രാഹിം ബാദുഷ എന്നിവരാണ്. – റിയാസ് (എഡിറ്റിംഗ്), റിജോഷ് (സംഗീതം) ജെബിൻ ജേക്കബ് & ഹകീം (പോസ്റ്റർ ഡിസൈൻ), സന്ദീപ് (പ്രൊഡക്ഷൻ കോർഡിനേറ്റർ ), സൽജ് ചന്ദ്രൻ (അസിസ്റ്റൻറ് ക്യാമറാമാൻ), സനു മജീദ് (അസോസിയേറ്റ് ഡയറക്ടർ) എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.
ചിത്രത്തിൽ സഹകരിച്ച മിക്കവരുടെയും ആദ്യ ശ്രമം എന്ന നിലയിൽ അവരുടെ ഈ എളിയ ശ്രമം ഏറെ പ്രശംസ അർഹിക്കുന്നു.
ചിത്രത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

നിങ്ങളുടെ ചെറിയൊരു സമയം എടുത്ത് ഈ ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തുവാൻ മറക്കരുത്. വളർന്നു വരുന്ന ചെറിയ കലാകാരന്മാർക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും.