അന്തർദേശീയം അബൂദാബി ടെക്നോളജി ബിസിനസ്സ്

അതിർത്തികൾ കടന്നുള്ള പണമിടപാടുകൾക്കായി ഫിനാബ്ലറും സാംസങ്ങ് പേയും കൈകോർക്കുന്നു 

 

  • അമേരിക്കയിൽ അന്താരാഷ്ട്ര പണമിടപാട് സേവന രംഗത്ത് ആദ്യമായി സാംസങ്ങ് പേ മൊബൈൽ വാലറ്റിൽ നിന്ന് അതിർത്തികൾക്കപ്പുറത്തേക്ക് പണമയക്കാനുള്ള സൗകര്യം
  • സാംസങ്ങ് പേ ആപ്പിലൂടെ എന്നത്തേക്കാളും സുഗമമായ അന്താരാഷ്ട്ര പണമിടപാടിന് ഫിനാബ്ലർ കമ്പനിയായ ട്രാവലക്സ് ശക്തി പകരും
  • അമേരിക്കയിലെ സാംസങ്ങ് പേ ഉപയോക്താക്കൾക്ക് ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പൈൻസ്, ആഫ്രിക്ക എന്നിങ്ങനെ 47 രാജ്യങ്ങളിലേക്ക് ക്രോസ് ബോർഡർ പേയ്മെന്റ്സ് സാധ്യം
  • ഫിനാബ്ലറിന്റെ സമഗ്രമായ സാങ്കേതിക പ്രതലം, ശക്തമായ നിയമപാലനം, 40 വർഷത്തെ അതിർത്തി കടന്നുള്ള പണമിടപാട് പരിചയം എന്നിവ ഉപയോഗപ്പെടുത്തുന്ന അമേരിക്കയിലെ സാംസങ്ങ് പേ ആപ്പിൽ നൂതന സേവനം

അബുദാബി: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രീമിയം വിഭാഗത്തിൽ പ്രവേശം ലഭിച്ച അബുദാബി ആസ്ഥാനമായി വളർന്ന ആഗോള പേയ്മെന്റ്സ് പ്ലാറ്റ്ഫോം ഫിനാബ്ലറും സാംസങ്ങ് ഇലക്ട്രോണിക്സ് അമേരിക്കയും ചേർന്ന് സാംസങ്ങ് മൊബൈൽ വാലറ്റായ സാംസങ്ങ് പേയിൽ അതിർത്തികൾ കടന്നുള്ള പണമിടപാടിന് സംവിധാനം ഏർപ്പെടുത്തി.  അമേരിക്കയിലെ സാംസങ്ങ് പേ ഉപയോക്താക്കൾക്ക് ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പൈൻസ്, വിവിധ ആഫ്രിക്കൻ നാടുകൾ  എന്നിങ്ങനെ 47 രാജ്യങ്ങളിലേക്ക് ക്രോസ് ബോർഡർ പേയ്മെന്റ്സ് നടത്തുവാൻ ഇതുവഴി സാധ്യമാവും. അമേരിക്കയിൽ ഇതാദ്യമാണ് ദശലക്ഷക്കണക്കായ സാംസങ്ങ് പേ ഉപയോക്താക്കൾക്ക് ഇത്രയും രാജ്യാന്തര പേയ്മെന്റ്സ് നിയമാനുസൃതം സുഗമമായും സുരക്ഷിതമായും മൊബൈൽ വാലറ്റ് വഴി അയക്കുവാൻ സൗകര്യമൊരുങ്ങുന്നത്. ഫിനാബ്ലർ 40 വർഷങ്ങളിലൂടെ പണമിടപാട് രംഗത്ത് ആർജ്ജിച്ച അനുഭവസമ്പത്തും സമഗ്രമായ സാങ്കേതിക പരിജ്ഞാനവും തികച്ചും നിയമവിധേയമായ ഇടപാട് സംവിധാനവും ഉപയോഗിച്ച് ഘടക കമ്പനിയായ ട്രാവലക്‌സാണ് സാംസങ്ങ് പേ ആപ്പിൽ മണി ട്രാൻസ്‌ഫർ ഫീച്ചർ ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് അമേരിക്കയിലെ സാംസങ്ങ് പേ യുടെ മുൻ‌കൂർ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി ഫിനാബ്ലറിന്റെ ആഗോള ശൃംഖല വഴി പ്രധാനപ്പെട്ട ഏതു കറൻസിയിലും 47 രാജ്യങ്ങളിലേക്ക് പേയ്മെന്റ്സ് അയക്കാം. ആഗോള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ സേവനം ഫിനാബ്ലറിന്റെയും സാംസങ്ങ് പേയുടെയും വാണിജ്യ സഹകരണത്തിലെ മികച്ച അധ്യായമായിരിക്കും.  സൗകര്യം, സുതാര്യത, സുരക്ഷിതത്വം എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്.

127 ട്രില്യൺ ഡോളറിന്റെ ഗ്ലോബൽ ക്രോസ് ബോർഡർ പേയ്മെന്റ്സ് നടക്കുന്ന അമേരിക്കൻ വിപണിയിൽ വിഖ്യാതരായ സാംസങ്ങ് ഇലെക്ട്രോണിക്‌സും അവരുടെ മൊബൈൽ വാലറ്റായ സാംസങ്ങ് പേയുമായി കൈകോർത്ത്, ഫിനാബ്ലറിന്റെ സുദീർഘ പരിചയവും സാങ്കേതിക ഔന്നത്യവും ശൃംഖലാ ബലവും ഉപയോഗപ്പെടുത്തി 47 രാജ്യങ്ങളിലേക്ക് പ്രയാസമേതുമില്ലാതെ പേയ്മെന്റ്സ് എത്തിക്കാനുള്ള ഈ മുന്നേറ്റം ഒരു പുതിയ നാഴികക്കല്ലാണെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു. 2020 ആവുമ്പോൾ മറ്റു വിപണികളിലേക്കും ഈ സേവനം എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയിലെ സാംസങ്ങ് പേ ഉപഭോക്താക്കൾ ആഗോളമാണെന്നിരിക്കെ, ലോകത്തുടനീളമുള്ള അവരുടെ ബന്ധുമിത്രങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സുരക്ഷിതവും സുതാര്യവുമായി പേയ്മെന്റ്സ് അയക്കുന്നതിന്, ധനവിനിമയ രംഗത്ത് നേതൃസ്ഥാനമുള്ള ഫിനാബ്ലറുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ ലഭിച്ച ഈ അവസരം അഭിമാനകരമാണെന്ന് സാംസങ്ങ് ഇലക്ട്രോണിക്സ് അമേരിക്കയുടെ വൈസ് പ്രസിഡന്റും ഡിവിഷൻ ഹെഡുമായ സാങ്ങ് ഡബ്ലിയു അഹൻ പറഞ്ഞു.

ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട്, സാംസങ്ങ് ഇലക്ട്രോണിക്സ് അമേരിക്കയുടെ വൈസ് പ്രസിഡന്റും ഡിവിഷൻ ഹെഡുമായ സാങ്ങ് ഡബ്ലിയു അഹൻ

error: Content is protected !!