ഷാർജ സാഹിത്യം

ഒരേ വേദിയില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് റെക്കോര്‍ഡ്

ഷാര്‍ജ : ഒരേ വേദിയില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് ഡോ. അമാനുല്ല വടക്കാങ്ങര റെക്കോര്‍ഡ് സൃഷ്ടിച്ചു. 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം 6.30ന് റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങിലാണ് വ്യത്യസ്ത വിഷയങ്ങളിലുള്ള തന്റെ അഞ്ച് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് ഷാര്‍ജാ ബുക്ക് ഫെയറിന്റെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് അഞ്ച് പുസ്തകങ്ങളുടെയും പ്രസാധകര്‍.

മാനവ സ്‌നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചു വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോനെക്കുറിച്ച് ‘സി.കെ മേനോന്‍ മനുഷ്യ സ്‌നേഹത്തിന്റെ മറുവാക്ക്’ ഇംഗ്ലീഷ് അറബിക് പിക്ടോറിയല്‍ ഡിക്ഷണറി, സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, യാത്ര വിവരണങ്ങളായ വടക്കാങ്ങരയില്‍ നിന്നും വാഷിങ്ടണിലേക്ക്, തടാകങ്ങളുടെ താഴ്‌വരയിലൂടെ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ നാസര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡിലീസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍, ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, മാതൃഭൂമി ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍, മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍ എന്നിവരാണ് പ്രകാശനം ചെയ്തത്.
ലിപി അക്ബര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കവി വീരാന്‍കുട്ടി, കെ.കെ മൊയ്തീന്‍ കോയ, ഇസ്മയീല്‍ മേലടി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. പുസ്തകങ്ങള്‍ ലിപി ബുക്ക്‌സിന്റെ സ്റ്റാളില്‍ ലഭിക്കുന്നതാണ്.


ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രവിവരണം വടക്കാങ്ങരയില്‍ നിന്നും വാഷിങ്ങ്ടണിലേക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡിലീസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂറിന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യുന്നു.  

error: Content is protected !!