ദുബായ്

പ്രൊഫഷണല്‍ വൈദഗ്ധ്യത്തിന്റെ സൂത്രവാക്യങ്ങളും അനുഭവങ്ങളും പകര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

ഐപിഎ പ്രോഗ്രാം പഠനാര്‍ഹമായി

ദുബൈ: സവിശേഷമായ ജോലി സംസ്‌കാരം സൃഷ്ടിച്ചു മാത്രമേ ഉദ്ദിഷ്ട ലക്ഷ്യം നേടാനാവുകയുള്ളൂവെന്ന് മെട്രോമാന്‍ പത്മവിഭൂഷണ്‍ ഇ.ശ്രീധരന്‍. ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ‘ഇന്‍ഡെപ്ത് വിത് മൊട്രോമാന്‍ ഇ.ശ്രീധരന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സവിശേഷമായ ജോലി സംസ്‌കാരത്തിന് നാലു സുപ്രധാന സ്തംഭങ്ങളാണുള്ളത്. കൃത്യതയാണ് അതിലൊന്ന്. ലക്ഷ്യം നേടുന്നതില്‍ ബദ്ധശ്രദ്ധനാവേണ്ടത് അനിവാര്യം. അല്ലെങ്കില്‍, നഷ്ടം നേരിടും. കൊങ്കണ്‍ റെയില്‍വേ പദ്ധതി നടപ്പാക്കുന്ന കാലയളവില്‍ മുടക്കം വരുന്ന ഓരോ ദിവസവും 13 കോടി രൂപ വരെ നഷ്ടം വരുമായിരുന്നു. അതുകൊണ്ട്, കൃത്യതയില്‍ ഒരു വിട്ടുവീഴ്ചയും അരുത്.

സമഗ്രതയാണ് രണ്ടാമത്തെ സ്തംഭം. നല്ല മൂല്യങ്ങള്‍, സുതാര്യത, സത്യസന്ധത എന്നിവയെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ സമഗ്രതയാര്‍ജിക്കാനാകൂ. പ്രൊഫഷണല്‍ മികവ്, അഥവാ തൊഴില്‍പരമായ കഴിവ് ആണ് മൂന്നാമത്തേത്. അതില്ലെങ്കില്‍ പിന്നെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ഈ മികവ് പലപ്പോഴും സമാനമായ കാര്യങ്ങളില്‍ മാനദണ്ഡമായി വരുമ്പോഴാണ് അതിന്റെ വ്യത്യാസം നമുക്ക് അനുഭവിക്കാനാവുക. പ്രൊഫഷണല്‍ മികവില്‍ കുറുക്കു വഴികളില്ല. മറ്റുള്ളവരില്‍ നിന്നും ആര്‍ജിക്കാന്‍ നമുക്ക് സാധിക്കുമെന്നതാണ് ഇക്കാര്യത്തിലുള്ള സൗകര്യം. സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് നാലാമത്തെ പ്രധാന സ്തംഭം. താന്‍ ചെയ്ത എല്ലാ സംരംഭങ്ങളിലും ഈ ഘടകത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാം ഏതെങ്കിലും പദ്ധതി നടപ്പാക്കുമ്പോള്‍ അതു മുഖേന സമൂഹത്തിനും പ്രകൃതിക്കുമുണ്ടാകുന്ന നഷ്ടം ഒരുപക്ഷേ വലുതായിരിക്കും. ഉദാഹരണത്തിന്, താന്‍ ഡെല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍ പദ്ധതി തുടങ്ങിയവ നടപ്പാക്കിയ കാലഘട്ടങ്ങളില്‍ ഒരു മരം മുറിക്കപ്പെട്ട സ്ഥലത്ത് 10 മരങ്ങള്‍ എന്ന തോതില്‍ വൃക്ഷവത്കരണം നടപ്പാക്കി പരിസ്ഥിതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

 

തന്റെ പ്രൊഫഷണല്‍ രംഗത്തെ അനുഭവങ്ങളും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. 736 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊങ്കണ്‍ റെയില്‍വേ പദ്ധതി ഏറ്റെടുത്തപ്പോള്‍ ഒട്ടേറെ വിഘ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. വന്മലകളും അനേകം നദികളും മുറിച്ചു കടന്നു വേണമായിരുന്നു പദ്ധതി നടപ്പാക്കാന്‍. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ പദ്ധതിയായിരുന്നു ഇത്. 2,000 പാലങ്ങളും 91 ടണലുകളും ഇവിടെ നിര്‍മിക്കേണ്ടിയിരുന്നു. ഭൂമിയേറ്റെടുക്കലായിരുന്നു ഏറ്റവും ദുഷ്‌കരമായ കാര്യം. 43,000 ഭൂവുടമകളുമായി അനുരഞ്ജനത്തിലെത്തിയ ശേഷം വേണമായിരുന്നു ലൈന്‍ വലിക്കാന്‍. ഒരു വര്‍ഷം കൊണ്ട് തന്നെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഏഴു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഡെല്‍ഹി മെട്രോ കുറഞ്ഞ കാലയളവിനകം ഗതാഗത സജ്ജമാക്കാനായി. എന്നാല്‍, കൊല്‍ക്കത്ത മെട്രോ 1972ല്‍ ആരംഭിച്ച് 22 വര്‍ഷം പിന്നിട്ട് 1994ലാണ് യാഥാര്‍ത്ഥ്യമാക്കാനായത്. സര്‍ക്കാര്‍ വകുപ്പാണ് ആ പദ്ധതി നടപ്പാക്കിയത്. എന്നാല്‍, ഡെല്‍ഹി മെട്രോ 50:50 വ്യവസ്ഥയില്‍ ഡെല്‍ഹി, കേന്ദ്ര സര്‍ക്കാറുകള്‍ക്ക് തുല്യ ഉടമസ്ഥാവകാശം നല്‍കി സ്‌പെഷ്യല്‍ പര്‍പസ് വെഹികിള്‍ മുഖേനയാണ് സാക്ഷാത്കരിച്ചത്. ഏറ്റവും നൂതന സാങ്കേതിക വിദ്യായാണ് കൊങ്കണിലും ഡെല്‍ഹി മെട്രോയിലും പ്രയോജനപ്പെടുത്തിയത്. എന്നാല്‍, കൊല്‍ക്കത്ത മെട്രോ അങ്ങനെയായിരുന്നില്ല. കൊങ്കണിനെപ്പോലെ ചെയര്‍മാനും എംഡിയുമായി ഡെല്‍ഹി മെട്രോയിലും താന്‍ നിയമിക്കപ്പെട്ടു. അതുവഴി, ജോലി ചെയ്യാന്‍ സ്വതന്ത്രവും പരമവുമായ അധികാരം ലഭിച്ചത് വഴി സമയത്തിന് മുന്‍പ് തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു.

കൊങ്കണ്‍ സജ്ജമാക്കിയതിലൂടെ മുംബൈയിലേക്ക് എത്തുന്നതിന്റെ 660 കിലോമീറ്റര്‍ കുറക്കാന്‍ സാധിച്ചുവെന്നും ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മികവ് കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുമ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. സ്ഥലമെറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ അവബോധക്കുറവ് പദ്ധതി വൈകാന്‍ ഇടയാക്കി. ഏത് പദ്ധതി നടപ്പാക്കുമ്പോഴും സമയം പ്രധാനമാണ്. ‘ടൈം ഈസ് മണി’ എന്നതാണ് ഫിലോസഫി. കൃത്യ സമയത്ത് കൃത്യ തീരുമാനമെടുക്കുകയെന്നത് പ്രധാനമാണ്.
കേരള സര്‍ക്കാര്‍ വലിയ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കുകയാണ് ഇപ്പോഴെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിനിടെ പറഞ്ഞു. സര്‍ക്കാറിന്റെ കൈയില്‍ ഒന്നിനും പണമില്ല. ഇതു കാരണം, സര്‍വ മേഖലയിലും മന്ദഗതിയും മരവിപ്പുമാണുള്ളത്. രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷത്തിനും പ്രതിജ്ഞാബദ്ധതയില്ല. 2018ലെ വെള്ളപ്പൊക്കത്തില്‍ അഞ്ഞൂറിലധികം പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈ വര്‍ഷവും പ്രളയം ആവര്‍ത്തിച്ചു. ഈ ദുരന്തം മനുഷ്യ നിര്‍മിതമാണെന്ന് താന്‍ അന്നേ പറഞ്ഞിരുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ച കാര്യവും വെളിപ്പെടുത്തി. എന്നാല്‍, കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചതോടെ നടപടികള്‍ക്ക് പിന്നെയും കാലതാമസം നേരിടുന്ന സ്ഥിതിവിശേഷമായി. കേരള ഖര മാലിന്യ നിര്‍മാര്‍ജനം വമ്പന്‍ പ്രതിസന്ധിയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് കനത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനിപ്പോള്‍ താമസിക്കുന്ന പൊന്നാനിയില്‍ ഖര മാലിന്യ പ്രശ്‌നത്തോടൊപ്പം കുടിവെള്ള പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. മുനിസിപ്പാലിറ്റിക്കൊക്കെ ഇത്തരം കാര്യങ്ങള്‍ നിവര്‍ത്തിക്കാനേ പറ്റുന്നില്ല. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിമുഖത കാട്ടുന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ഇ.ശ്രീധരന്‍, കൂടുതല്‍ മികവുറ്റ ഫലങ്ങള്‍ ഭാവിയില്‍ സാധ്യമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഐ പി എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറയുടെയും ഫൗണ്ടർ എ കെ ഫൈസലിന്റെയും സാന്നിധ്യത്തിൽ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി മൊട്രോമാൻ ഇ ശ്രീധരന് ആഗോള മലയാളി ഉൾപ്രേരക അവാർഡ് നൽകി ആദരിച്ചു.ഐ പി എ ഡയറക്ടർ ബോർഡ് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് അംഗീകാരപത്രവും നൽകി

ചടങ്ങിൽ പ്രവാസ ലോകത്തെ വാണിജ്യ മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തിക്കരിച്ചുള്ള യുഎഇ യിലുള്ള 6 സംരംഭകരെ ആദരിച്ചു.ഡോ. പി ഇബ്രാഹിം ഹാജി,ഡോ.സി പി അലി ബാവ ഹാജി, ഡോ. മുഹമ്മദ് കാസിം, എസ് എഫ് സി മുരളീധരൻ,റെയിൻബോ ജോൺസൺ ,സി മുഹമ്മദ് റൊബ്ബാൽ ഷിപ്പിംഗ് എന്നിവരാണ് ഐ പി എ ബിസിനസ് എക്സലൻസി അവാർഡ് നൽകി ആദരിച്ചത്. ഇവർക്ക് മെട്രോമാൻ ഇ ശ്രീധരൻ മൊമെന്റോ സമ്മാനിച്ചു.

ഷംസുദ്ദീൻ നെല്ലറ അധ്യക്ഷത വഹിച്ച ചടങ്ങ് പത്മശ്രീ ഡോ ആസാദ് മൂപ്പൻ ഉൽഘാടനം ചെയ്തു .ഷംസുദ്ദീൻ ബിൻ മുഹയ്യദ്ധീൻ, ജോയ് ആലുക്കാസ്, ഷംലാൽ അഹ്‌മദ്‌ ,എ കെ ഫൈസൽ ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ കെ ജി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡ് ജോതാകളും മറുപടി പ്രസംഗം നടത്തി.ഷാർജാ ബുക്ക് അതോറിറ്റിയുടെ എക്സ്റ്റണൽ അഫയേർസ് എക്സിക്യൂട്ടീവ് മോഹൻകുമാർ, ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേന്റിൽ, ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ,ഒ വി മുസ്തഫ നോർക്ക, ഹസൻ ഫ്ലോറ ഗ്രുപ്പ്, ഡോ, ഉസൈൻ, കെ പി വേണു, പുത്തൂർ റഹ്‌മാൻ, പി കെ അൻവർ നാഹ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഐ പി എ ബോർഡ് അംഗങ്ങളും ,ക്ലസ്റ്റർ ലീഡേഴ്‌സും, പ്രോഗാം കമ്മിറ്റിയും പരിപാടിയ്ക്ക് നേതൃത്വം നൽകി.മാധ്യമ പ്രവർത്തകൻ സാബു കിളിത്തട്ടിൽ ചടങ്ങിന് അവതാരകനുമായി

error: Content is protected !!