ഷാർജ

ഷാർജ മലങ്കര ഓർത്തഡോക്സ് പള്ളി മലയാളം മിഷൻ സെൻറർ ഉദ്ഘാടനം ചെയ്തു

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ സാംസ്കാരികവകുപ്പ് സംഘടിപ്പിക്കുന്ന  മലയാളം മിഷൻ പ്രവർത്തനങ്ങൾ ഷാർജ മേഖലയിലെ മലങ്കര ഓർത്തഡോക്സ് പള്ളിയിലും ആരംഭിച്ചു.. മലയാളം മിഷൻ ഷാർജ മേഖലയ്ക്ക് കീഴിൽ ഓർത്തോഡോക്സ് ഇടവകയിൽ ഇപ്പോൾ മൂന്ന് സെന്ററുകളാണ് ആരംഭിക്കുന്നത്. ഇടവകയിലെ യുവജന പ്രസ്ഥാനമാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. പഠന കേന്ദ്രങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം  പാരീഷ് ഹാളിൽ മലങ്കര ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപൻ അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത നിർവ്വഹിച്ചു. മലയാളം മിഷൻ യു.എ.ഇ. ചാപ്റ്റർ കോഡിനേറ്റർ കെ.എൽ ഗോപി  മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മലയാളഭാഷ പഠിക്കുന്നതിലൂടെ കേരള സംസ്കാരവും മൂല്യങ്ങളും വിദേശത്തുള്ള മലയാളികൾക്ക് സ്വായത്തമാക്കുന്നതിനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്നും, എല്ലാ മലയാളികളും ഇതിൽ പങ്കാളികളായി സ്വന്തം നാടിനോടുള്ള ഉത്തരവാദിത്വം നിർവഹിക്കേണ്ടതാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.
മനുഷ്യന് നന്മ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിലും, പള്ളിയുടെ സഹായസഹകരണങ്ങൾ എല്ലാ സമയത്തും ഉണ്ടായിരിക്കുമെന്ന് തുടർന്നു സംസാരിച്ച ഫാദർ ജോജി കുര്യൻ അഭിപ്രായപ്പെട്ടു. വിദേശങ്ങളിലുള്ളവർക്ക് മലയാളം പഠിക്കാൻ അവസരമൊരുക്കുന്ന കേരള സർക്കാരിന്റെ ഈ സംരംഭം മാതൃകാപരമായ ഒന്നാണെന്നും ഫാദർ കൂട്ടിച്ചേർത്തു. ആയിരങ്ങളാണ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യംവഹിച്ചത്.

തുടർന്ന് മലയാളം മിഷന്റെ ആദ്യ കോഴ്സായ കണിക്കൊന്നയുടെ പാഠപുസ്തക വിതരണം അധ്യാപകനായ ബിനു മത്തായിക്ക് നൽകിക്കൊണ്ട്  അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. പഠനകേന്ദ്രത്തിലെ എല്ലാ അദ്ധ്യാപകർക്കുമുള്ള പാഠ പുസ്തകം അന്ന് വിതരണം ചെയ്തു.

error: Content is protected !!