അബൂദാബി ബിസിനസ്സ്

അബുദാബി എയർപോർട്ട്  മിഡ്ഫീൽഡ് ടെർമിനലിൽ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിലൊന്നായ അബുദാബി മിഡ്ഫീൽഡ് ടെർമിനലിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു, ഇത് സംബന്ധിച്ച കരാറിൽ അബുദാബി എയർപോർട്ട് കമ്പനിയും ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. മിഡ്ഫീൽഡ് ടെർമിനൽ ഡ്യൂട്ടി ഫ്രീയിലാണ് 25,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള സ്പെഷ്യലിസ്റ്റ് സ്റ്റോറും ഭക്ഷ്യേതര സ്റ്റോറും ലുലു ആരംഭിക്കുന്നത്.

അബുദാബി എയർപോർട്ടിനുവേണ്ടി സി.ഇ.ഒ. ബ്രയാൻ തോംസണും ലുലു ഗ്രൂപിനുവേണ്ടി സി.ഇ.ഒ. സൈഫി രൂപാവാലയുമാണ് കരാറിൽ ഒപ്പ് വെച്ചത്. ചടങ്ങിൽ അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അബുദാബി എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംസൺ, എത്തിഹാദ് എയർവേയ്സ് സി.ഇ.ഒ. മൈക്കൽ ഡഗ്ളസ്, ലുലു അബുദാബി റീജണൽ ഡയറക്ടർ അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ യാത്രക്കാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 3 ലക്ഷത്തിലധികം വിസ്തീർണ്ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, ഡൈനിംഗ്, വിശ്രമം, വിനോദം എന്നിവ ഉൾക്കൊള്ളുന്ന മിഡ്‌ഫീൽഡ് ടെർമിനലിലെ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന നിരയിലേക്കാണ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലുവും വരുന്നത്. യുഎഇയിലെ പ്രാദേശിക വ്യവസായവുമായി തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള അബുദാബി എയർപോർട്ടിന്റെ പ്രതിജ്ഞാബദ്ധതയുടെ ഫലമാണ് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തം, പ്രാദേശിക ഉൽ‌പ്പന്നങ്ങളും സേവനങ്ങളും മിഡ്‌ഫീൽഡ് ടെർമിനൽ ലോകോത്തര യാത്രാ അനുഭവമായിരിക്കും നൽകുന്നത്.

മിഡ്‌ഫീൽഡ് ടെർമിനൽ ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവള പദ്ധതികളിലൊന്നാണ്. ദീർഘകാല റീട്ടെയിൽ തന്ത്രത്തിന്റെ നിർണായക ചുവട് വെയ്പ്പാകും ലുലു ഗ്രൂപ്പുമായുള്ള ഞങ്ങളുടെ നിർണ്ണായക പങ്കാളിത്തമെന്ന് അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ പറഞ്ഞു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരാനിരിക്കുന്ന ലോകോത്തര നിലവാരമുള്ള മിഡ്‌ഫീൽഡ് ടെർമിനലിൽ റീട്ടെയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ  ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.  യു.എ.ഇ, മറ്റ് ജി.സി.സി രാജ്യങ്ങൾ, കിഴക്കേനേഷ്യൻ രാജ്യങ്ങൾ, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ റീട്ടെയിൽ വ്യവസായത്തിൽ 4 പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ പാരമ്പര്യം രൂപകൽപ്പനയിലും ഉൽ‌പ്പന്ന വാഗ്ദാനങ്ങളിലും ഒരു ട്രെൻഡ്-സെറ്റിംഗ് റീട്ടെയിൽ അന്തരീക്ഷം കൊണ്ടുവരാൻ ഇത് ഞങ്ങളെ വളരെയധികം സഹായിക്കും.  ലോകമെമ്പാടുനിന്നും അബുദാബിയിലെത്തുന്ന ദശലക്ഷകണക്കിന് യാത്രക്കാർക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവമായിരിക്കും എയർപോർട്ട് ലുലുവിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അവസരം ലഭിച്ചതിൽ യു.എ.ഇ.പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബി ഭരണകൂടത്തിനും നന്ദി പറയുന്നുവെന്നും യൂസഫലി പറഞ്ഞു.

ടെർമിനൽ കെട്ടിടത്തിന്റെ ആധുനികവും പുതിയതുമായ രൂപകൽപ്പന പ്രതിഫലിപ്പിക്കുന്നതിനായി പ്രമുഖരായ അന്താരാഷ്ട്ര ആർക്കിടെക്റ്റുകളാണ് മിഡ് ഫീൽഡ് ടെർമിനലിലെ ലുലു സ്റ്റോർ ലുലു  സ്റ്റോറുകൾ രൂപകൽപ്പന ചെയ്യുന്നത്. ഇതാദ്യമായാണ് എയർപോർട്ട് ഡ്യൂഫ്രീക്കകത്ത് ഒരു ഹൈപ്പർമാർക്കറ്റ് വരുന്നത്.

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ 5 ജി നെറ്റ് വർക്കുള്ള  ടെർമിനലാണിത്. 21,000 കോടി രൂപ (10.8. ബില്യൺ ദിർഹം) ചിലവഴിച്ച്  80 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിതുയരുന്ന മിഡ് ഫീൽഡ് ടെർമിനലിൽ 65 യാത്രഗേറ്റുകളും, പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ സാധിക്കും. 2020 മാർച്ചിനകം മിഡ് ഫീൽഡ് ടെർമിനൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷുന്നത്