ദുബായ്

യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 

  • – പി.വി.വിവേകാനന്ദ് സ്മാരക അതിവിശിഷ്ട മാധ്യമ വ്യക്തിത്വം എം.ജി. രാധാകൃഷ്ണൻ 
  • – വിഎം സതീഷ് പുരസ്‌കാരം അഞ്ജനാ ശങ്കറിന്; രാജീവ് ചെറായി പുരസ്‌കാരം ആർ.ജെ വൈശാഖിന് ‌  
  • – സവാദ് റഹ്‌മാൻ, നിഷ് മേലാറ്റൂർ, ഫസ്‌ലു, അമ്മാർ കിഴുപറമ്പ, ശിഹാബ്, മുജീബ് എന്നിവർക്കും പുരസ്കാരം 
ദുബായ്: യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് യശഃശരീരനായ പത്രപ്രവർത്തകൻ പി.വി.വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്കാരത്തിന് മലയാള പത്രപ്രവർത്തകരിലെ തലയെടുപ്പുള്ള വ്യക്തിത്വവും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. കേരള സർക്കാരിന്റെ മികച്ച വികസനോന്മുഖ പത്രപ്രവർത്തകനുള്ള പുരസ്‌കാരം ഉൾപ്പെടെ പല ബഹുമതികൾ നേടിയ എം.ജി. രാധാകൃഷ്ണൻ തന്റെ നാല്പതാണ്ട് അടുക്കുന്ന കരിയറിൽ രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, കലാകായികം, സിനിമ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള വർക്കിങ് ജേര്ണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെ പദവികളോടെ സംഘടനാരംഗത്തും സജീവമായിരുന്നു. പല പുരസ്‌കാര സമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ മാതൃഭൂമിയിൽ സബ് എഡിറ്ററായും ഇന്ത്യ ടുഡേയിൽ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ച അദ്ദേഹം 2014 മുതൽ ഏഷ്യാനെറ്റിൽ എഡിറ്റർ സ്ഥാനം വഹിക്കുന്നു. അന്തരിച്ച മാധ്യമകാരൻ വി.എം.സതീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ, ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്രപ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റർ അഞ്ജന ശങ്കർ അർഹയായപ്പോൾ റേഡിയോ രംഗത്തെ മികച്ച സംഭാവനകളുടെ പേരിൽ രാജീവ് ചെറായി സ്മാരക പുരസ്‌കാരത്തിന് ഗോൾഡ് എഫ്.എം. പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് സോമരാജൻ തിരഞ്ഞെടുക്കപ്പെട്ടു.
ഗൾഫിലെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പതിനെട്ടാമത് യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാരങ്ങളിൽ അച്ചടി മാധ്യമരംഗത്തെ മികവിന് ഗൾഫ് മാധ്യമം ചീഫ് കറസ്പോണ്ടന്റ് സവാദ് റഹ്‌മാനും ടെലിവിഷൻ ജേർണലിസത്തിൽ അമൃതാ ന്യൂസ് ബ്യൂറോ ചീഫ് നിഷ് മേലാറ്റൂരും റേഡിയോ ജേർണലിസത്തിൽ ഹിറ്റ് എഫ്.എം. വാർത്താ അവതാരകൻ ഫസ്‌ലുവും ഓൺലൈൻ മീഡിയയിൽ പ്രവാസലോകം.കോം എന്ന വെബ് പോർട്ടലിന്റെ എഡിറ്റർ അമ്മാർ കിഴുപറമ്പിനും

പുരസ്‌കാരം നേടി. ഖലീജ് ടൈംസ് ഫോട്ടോഗ്രാഫർ ശിഹാബ് മികച്ച ഫോട്ടോ ജേർണലിസ്റ്റായും ജയ്‌ഹിന്ദ്‌ ന്യൂസിലെ ക്യാമറാമാൻ മുജീബ് മികച്ച വീഡിയോ ജേർണലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. യുഎഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി എന്നിവർ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

മാധ്യമ പ്രവർത്തനത്തിന് ജനകീയ മുഖം നൽകുന്നതിനും മികച്ച മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും അർപ്പിച്ച സേവനങ്ങളാണ് എം.ജി. രാധാകൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തങ്ങൾ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവത് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗൾഫ് മാധ്യമ പ്രവർത്തകരുടെ പുരസ്‌കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി വിശദീകരിച്ചു. ഗൾഫിലെ മാധ്യമ രംഗത്ത് മലയാളത്തിന്റെ യശസ്സുയർത്തി അകാലത്തിൽ പൊലിഞ്ഞുപോയ പിവി വിവേകാനന്ദ്, വി.എം.സതീഷ്, രാജീവ് ചെറായി എന്നിവരുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനും പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള ചടങ്ങ്  ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് ദേരയിലെ ഫ്ലോറ ഗ്രാൻഡ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
പി.വി. വിവേകാനന്ദ് അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാർഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം  യുഎഇ എക്സ്ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.
ചിരന്തന ട്രഷറർ ടി.പി. അഷ്‌റഫ് സ്വാഗതവും വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
error: Content is protected !!