കേരളം ചരമം ദുബായ്

ദുബായിൽ നിന്ന് നാട്ടിൽ പോയ യുവതി ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ദുബായ് : ദുബായിൽ എൻജിനീയറായി ജോലി നോക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി രജനീഷ് രഘുനാഥും ഭാര്യ അഷിതയും നാട്ടിലേക്ക് പോയത് അഷിതയുടെ ഉദരത്തിലെ മുഴനീക്കം ചെയ്യാനാണ്. എന്നാൽ ശസ്ത്രക്രിയയെ തുടർന്ന് അഷിത മരണപ്പെട്ടു.

ഞായറാഴ്ചയാണ് ഉദരത്തിലെ മുഴനീക്കാൻ അഷിതയെ ഉള്ളൂരിലെ ക്രെഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിങ്കളാഴ്ച 12 മണിയോടെ ശസ്ത്രക്രിയയ്ക്ക് തിയേറ്ററിൽ കയറ്റി. അരമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കി യുവതിയെ പുറത്തേക്ക് കൊണ്ട് വരുമെന്ന് പറഞ്ഞെങ്കിലും 2 മണിക്കൂർ കഴിഞ്ഞിട്ടും അഷിതയുടെ വിവരം കിട്ടാതെ ബന്ധുക്കൾ ഡോക്ടറെ സമീപിച്ചപ്പോൾ ചെറിയ പ്രശ്നം ഉണ്ടെന്നും ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോണമെന്നും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് അഷിതയെ പുറത്തേക്ക് കൊണ്ട് വന്നപ്പോൾ ഭർത്താവ് രജനീഷ് രഘുനാഥ് കണ്ടത് കണ്ണീരിൽ കലങ്ങിയ അഷിതയുടെ കണ്ണുകളാണ്. ഡോക്ടറോട് കാര്യം അന്വേഷിച്ചപ്പോൾ അത് ശസ്ത്രക്രിയയുടെ വേദന കാരണമാണെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് കിംസ് ബന്ധുക്കൾ ചേർന്ന് കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഡോക്ടർമാർ പരിശോധിച്ച ശേഷം ഇടയ്ക്ക് എപ്പോഴോ ബിപി കുറഞ്ഞതിനാൽ ഹാർട്ട് പമ്പിങ് നിന്നതായും അതിന്റെ കാരണത്താൽ തലച്ചോറിലെ 90% പ്രവർത്തനങ്ങളും നിലച്ചു എന്നും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

ശേഷം വെന്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അഷിതയുടെ ജീവൻ നിലനിർത്താനാകൂ എന്നും ഒരുപക്ഷേ ജീവൻ തിരികെ ലഭിച്ചാലും കോമാ സ്റ്റേജിൽ ആയിരിക്കും എന്നും ഡോക്ടർമാർ പറഞ്ഞത്രേ. കാരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം നിലച്ചു തുടങ്ങിയിരുന്നു. ഒടുവിൽ വെള്ളിയാഴ്ച വെന്റിലേഷനിൽ കഴിഞ്ഞിരുന്ന അഷിത മരണപ്പെടുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഭർത്താവിനൊപ്പം ദുബായിലായിരുന്ന അഷിത അവിടെവച്ച് നടത്തിയ പരിശോധനയിലാണ് ഉദരത്തിൽ മുഴ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. മാത്രമല്ല ജനുവരി 10ന് ദുബായിലേക്ക് മടങ്ങാനുള്ള റിട്ടേൺ ടിക്കറ്റ് ഉൾപ്പടെ എടുത്തു വച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മുരുക്കുംപുഴയിൽ ഭർത്താവിന്റെ വസതിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.
അച്ഛൻ: പരേതനായ വിജയൻ.
അമ്മ : ലീന.
സഹോദരി: അഞ്ജിത

error: Content is protected !!