ദുബായ്

എമിറേറ്റ്സ് കോഴിക്കോട് സർവീസ്: മലബാർ പ്രതിനിധികൾ എം പി യെ കണ്ടു

ദുബായ് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ എമിറേറ്റ്സ്
വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മലബാർ
പ്രവാസി പ്രതിനിധികൾ ഹൃസ്വ സന്ദര്ശനാര്ഥം ദുബായിലെത്തിയ കോഴിക്കോട് പാർലമെന്റംഗം
എം കെ രാഘവനെ കണ്ടു കൂടിക്കാഴ്ച നടത്തി
2015 ൽ റൺവേ വികസനത്തിന്റെ ഭാഗമായി വലിയ വിമാനങ്ങളുടെ സർവീസ് നിർത്താനിടയായ
സാഹചര്യത്തിലാണ് ഇവിടെ നിന്നും സുഗമമായി സർവീസ് നടത്തിയിരുന്ന “എമിറേറ്റ്സ്’
താല്കാലികമെന്നോണം സർവീസ് നിർത്തിവെക്കാൻ നിര്ബന്ധിതമായിരുന്നത്. സർവീസ്
തുടങ്ങിയത് മുതൽ വളരെ ലാഭകരമായ സെക്ടർ എന്ന രീതിയിൽ ദിവസേന രണ്ടു ഷെഡ്യുൾ
വീതമാണ്  ഇവിടെ നീന്നും എമിറേറ്റസിന്റെ വലിയ വിമാനങ്ങൾ ദുബായിലേക്ക് പറന്നിരുന്നത്.
ഗൾഫ് മേഖലയിലും, മറ്റു പാശ്ചാത്യ രാജ്യങ്ങളിലുമായി ഏറെ പ്രവാസികൾ നിലകൊള്ളുന്ന
മേഖല എന്ന നിലയിൽ , മലബാറിലെ അറിയപ്പെടുന്ന വിമാനത്താവളമായ കരിപ്പൂരിൽ നിന്നും
വലിയ വിമാനങ്ങൾ നിര്ത്തലാക്കിയത് ഏറെ വിവാദമായിരുന്നു. തുടർന്ന് റൺവേ വികസനവും,
വിമാനത്താവള വിപുലീകരണവും, പുതിയ ടെർമിനലിന്റെ ഉദ്‌ഘാടനവുമൊക്കെ കഴിഞ്ഞിട്ടും
പ്രവാസികളുടെയും,മലബാറിലെ വ്യവസായ വാണിജ്യ മേഖലയിലെയും നീണ്ട മുറവിളികൾക്കൊടുവിലാണ്
ഇവിടെ വീണ്ടും വലിയ വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന വകുപ്പ് അനുമതി നൽകിയത്.
ഇതേ തുടർന്ന് സൗദി എയർ ലൈൻസ് മാസങ്ങൾക്കു മുമ്പ്ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചു.
എയർ ഇന്ത്യയുടെ ജംബോ വിമാനവും അടുത്ത മാസം ജിദ്ദയിലേക്കായി സർവീസിനായി ബുക്കിംഗ്
തുടങ്ങി കഴിഞ്ഞു. എന്നാൽ ലോകത്തെവിടേക്കും കണക്ഷനുള്ള യാത്രക്കാരുടെ ജനപ്രിയ
എയർലൈനായ എമിറേറ്റ്സിനു ഇതുവരെയും സർവീസ് പുനരാരംഭിക്കാനായിട്ടില്ല.
അന്താരാഷ്ട്ര തലത്തിൽ ഏകദേശം എൺപത്തഞ്ചോളം രാജ്യങ്ങളിലേക്ക് സർവീസ് നടത്തി വരുന്ന
എമിറേറ്റ്സ് തിരിച്ചെത്തുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കായും, സന്ദർശകരായും
യാത്ര ചെയ്യുന്ന മലബാറുകാർക്കു ഏറെ ഉപകാരപ്രദമാകും.മാത്രവുമല്ല അവരുടെ വിപുലമായ കാർഗോ
ശൃംഖലയും മലബാറിലെ കയറ്റിറക്കു മേഖലക്ക് പുത്തനുണർവേകും. ഇതിനൊക്കെ പുറമെ എമിറെറ്റസിന്റെ
ആദിത്യ മര്യാദകളും, സമയനിഷ്ഠയും ജനപ്രിയ വിമാനക്കമ്പനി എന്ന നിലയിൽ കൂടുതൽ യാത്രക്കാരെ
പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോട് എയർപോർട്ടുമായി അടുപ്പിക്കും. കൂടാതെ
യു എ ഇ പൗരന്മാർക്ക് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രഖ്യാപിച്ച ഓൺ അറൈവൽ വിസ സൗകര്യം കൂടി
ഇവിടെ സാധ്യമായാൽ, മലബാറിലെ വിനോദ സഞ്ചാര മേഖലക്ക് കൂടി അത് മുതൽക്കൂട്ടാകും.
കോഴിക്കോട് വിമാനത്താവള വികസന കാര്യങ്ങളിൽ എപ്പോഴും ബദ്ധ ശ്രദ്ധനായി പ്രവർത്തിക്കുന്നുണ്ടെന്നും,
എമിറേറ്റ്സ് സർവീസ് പുനരാരംഭിക്കാനായി,പ്രസ്തുത വിമാനക്കമ്പനി അധികൃതരുമായും, കേന്ദ്ര സിവിൽ
വ്യോമയാന വകുപ്പുമായും നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ടെന്നും എം പി പ്രധിനിധി സംഘത്തെ അറിയിച്ചു.
മലബാർ ഡെവലപ്മെന്റ് ഫോറം, കോഴിക്കോട് പ്രവാസി ഭാരവാഹികളായ, രാജൻ കൊളാവിപാലം,
അഡ്വ.മുഹമ്മദ് സാജിദ്, ബി എ നാസർ, ബഷീർ മേപ്പയൂർ, മൊയ്‌ദു പേരാമ്പ്ര എന്നിവർ പ്രതിനിധി
സംഘത്തിലുണ്ടായിരുന്നു.
error: Content is protected !!