അന്തർദേശീയം

ഇറാൻ ഇറാക്ക് അമേരിക്ക – പുതിയ സംഭവ വികാസങ്ങളുടെ നാൾവഴി – ഒറ്റനോട്ടത്തിൽ –

ഇറാന്റെ കമാൻഡർ കാസ്സിം സുലൈമാനി വെള്ളിയാഴ്ച്ച ( ജനുവരി 3 ) വധിക്കപ്പെടുന്നു , ഇറാനിൽ എത്തിച്ച മൃതദേഹം മില്യൺ കണക്കിന് ആളുകളുടെ വിലാപ യാത്രക്കിടയിൽ ഇന്ന് വെളുപ്പിന് ഖബറടക്കി . ചടങ്ങിലെ തിക്കിലും തിരക്കിലും പെട്ട് 56 പേർ മരിക്കുന്നു . കൂടുതൽ പേർ പരിക്കുപറ്റി മൃതപ്രായരായി കഴിയുന്നു . ഇന്ന് രാവിലെ തിരിച്ചടിയുടെ സൂചന എന്നവണ്ണം ഇറാൻ രണ്ടു മിസൈലുകൾ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിലേക്ക് വിടുന്നു . ആർക്കും ജീവാപായമില്ലെന്ന് അമേരിക്ക പറയുന്നു . ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഇത് സംബന്ധിച്ച വാർത്താസമ്മേളനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യ തങ്ങളുടെ പൗരന്മാർക്കു ഇറാക്ക് യാത്ര ഒഴിവാക്കാൻ നിർദേശം നൽകി . ഫിലിപ്പൈൻസ് തങ്ങളുടെ പൗരന്മാരോട് പെട്ടെന്ന് ഇറാക്ക് വിടാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഓരോ രാജ്യങ്ങളും അവരവർക്കനുസരിച്ച് ഇത്തരം കാര്യങ്ങളിൽ നിർദേശങ്ങളും മറ്റും നൽകുകയാണ് . യുഎ യിൽ നിന്നുള്ള ഫ്ലൈറ്റുകൾ തൽകാലം ബാഗ്ദാദ് സർവീസ് നിർത്തിവയ്ക്കുന്നതായി അറിയിച്ചു.
എത്ര ഇന്ത്യക്കാർ ഇറാക്കിൽ ഉണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല . 80 കളിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടായിരുന്നത് ഇപ്പോൾ ഒരു 10000 മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന് കരുതുന്നവരുണ്ട്. അടുത്തിടെ 40 മലയാളി നഴ്‌സുമാരെ ധീരമായി രക്ഷപ്പെടുത്തിയ സംഭവം നടന്നതോടെ ആളുകൾ ജോലിക്കായി ഇറാഖിലേക്ക് പോകുന്ന പ്രവണത കുറഞ്ഞു.
എങ്കിലും യുദ്ധാനന്തര ഇറാക്കിൽ ചില അമേരിക്കൻ ജോലികൾ ചെയ്യാനും ഉപ കരാറുകൾ നടത്താനും ഒക്കെയായി ഇന്ത്യക്കാരുടെ താല്പര്യം കാര്യമായി ഭംഗം വന്നിട്ടില്ല.
ഇന്ന് രാവിലെ ഉക്രൈന്റെ ഒരു വിമാനം 180 പേരുമായി ഇറാനിൽ പറന്നുയർന്ന ഉടൻ തകർന്നുവീണതും എല്ലാവരും മരിച്ചതും അതീവ ശ്രദ്ധ നേടിയ ദുരന്തമായി. മെക്കാനിക്കൽ തകരാർ എന്ന പ്രാഥമിക റിപ്പോർട്ട് വന്നെങ്കിലും എല്ലാവരും അതിനപ്പുറം ഈ സംഭവത്തെ ഉറ്റുനോക്കുകയാണ്.
അമേരിക്കൻ സേന ഇറാക്കിൽ നിന്ന് പുറത്തുപോകണം എന്ന് ഇറാൻ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നു . അമേരിക്കൻ സൈന്യം തിരികെ പോകുന്നതായി ഒപ്പുവയ്ക്കാത്ത ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ഡ്രാഫ്റ്റ് എഴുതി ഉണ്ടാക്കിയത് കയ്യബദ്ധത്തിൽ പുറത്തായതാണ് എന്ന് അമേരിക്ക തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ സൈനികരെ പിൻവലിക്കുമോ എന്ന് ഇതുവരെ ഔദ്യോഗികമായി അമേരിക്ക പറഞ്ഞിട്ടില്ല . എല്ലാവരും ട്രംപിന്റെ വാർത്താസമ്മേളനം കാത്തിരിക്കുന്നു .
error: Content is protected !!