ഷാർജ

മലയാളം മിഷൻ ഷാർജ മേഖല പ്രവേശനോത്സവം . എഴുത്തുകാരൻ രാമനുണ്ണി മുഖ്യാതിഥി

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ നടത്തിവരുന്ന മലയാളം മിഷൻ പഠനപദ്ധതി യുഎഇയിൽ വ്യാപകമാകുകയാണ്. എല്ലാ എമിറേറ്റുകളും കേന്ദ്രീകരിച്ച് വളരെ വിപുലമായിട്ടാണ് ഇപ്പോൾ മിഷൻ പഠന പദ്ധതികൾ നടക്കുന്നത്. വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ വർധിച്ച ഉത്സാഹത്തോടെയാണ് മലയാളം മിഷൻ പഠനപദ്ധതി പുരോഗമിക്കുന്നത്.

ഷാർജ മേഖലയിൽ ഉള്ള എല്ലാ പഠന കേന്ദ്രങ്ങളും ചേർന്നുകൊണ്ട് ഒരുക്കുന്ന മേഖലാ പ്രവേശനോത്സവം ഈ വരുന്ന ഫെബ്രുവരി ഒന്നിന് വൈകിട്ട് ആറുമണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. എഴുത്തുകാരൻ കെ പി രാമനുണ്ണിയാണ് മുഖ്യാതിഥിയായി എത്തുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ഇ പി ജോൺസൺ മലയാളം മിഷൻ യുഎഇ ചാപ്റ്റർ കോർഡിനേറ്റർ കെ എൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രവേശനോത്സവ വിജയത്തിനായി നടത്തുന്നത്. ഷാർജ മേഖലയിലെ പഠന കേന്ദ്രങ്ങളിൽ ഇതിനായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന ഒരു വലിയ നിര തന്നെയാണ് പ്രവേശനോത്സവം വിജയിപ്പിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന പ്രവേശനോത്സവത്തിൽ എല്ലാ സംഘടനകളുടേയും കൂട്ടായ്മകളുടേയും പിന്തുണയാണുള്ളത്. സാഹിത്യ ചരിത്ര പ്രദർശനം, പുരാവസ്തു പ്രദർശനം, അക്ഷരമാല ഒരുക്കൽ, ഭാഷയേയും സംസ്കാരത്തേയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന വിവിധ കലാപരിപാടികൾ എന്നിങ്ങനെ വേറിട്ട പരിപാടികളുമായി പ്രവേശനോത്സവം ആകർഷണീയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. ഇതിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണമായ പിന്തുണ ഉണ്ടാകണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസണും കോർഡിനേറ്റർ കെ എൽ ഗോപിയും അഭ്യർത്ഥിച്ചു.

error: Content is protected !!