ദുബായ്

രണ്ടുകോടി ദിർഹത്തിന്റെ ആഭരണക്കവർച്ച: അഞ്ചംഗ സംഘത്തെ 48 മണിക്കൂറിനുള്ളിൽ പിടികൂടി ദുബായ് പോലീസ്

ദുബായ്: ഏകദേശം 2 കോടി ദിർഹം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച അഞ്ചംഗസംഘത്തെ 48 മണിക്കൂറിനകം പിടികൂടി ദുബായ് പോലീസ്. ഒരു സ്ത്രീയും നാല് പുരുഷന്മാരും അടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്യൻ സ്വദേശി താമസിച്ചിരുന്ന എമിറേറ്റ്സ് ഹിൽസിലെ വില്ലയിൽ നിന്നാണ് വജ്രത്തിന്റേത് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്നത്. വ്യാജ കോഡുകൾ ഉപയോഗിച്ച് അലമാരകൾ തുറക്കാൻ വൈദഗ്ധ്യമുള്ളവരായിരുന്നു ഇവർ. പ്രോപ്പർട്ടി വ്യാപാരി കൂടിയായ ഏഷ്യക്കാരൻറെ വീട് വേണ്ട രീതിയിൽ സുരക്ഷിതമാക്കി വയ്ക്കാത്തത് പ്രതികൾക്ക് സൗകര്യമായതായി ദുബായ് പൊലീസ് പറഞ്ഞു. ഭാര്യയാണ് വാച്ചും ആഭരണങ്ങളും നഷ്ടപ്പെട്ടത് ആദ്യം തിരിച്ചറിയുന്നതാണ്. ഉടൻ തന്നെ ഭർത്താവിനെ വിവരം അറിയിക്കുകയും, അദ്ദേഹം പോലീസിൽ അറിയിക്കുകയും ചെയ്തു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൃത്യം നടത്തിയ പ്രതികൾ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നേരത്തെ ചെയ്തിരുന്ന പ്രതിയിലേക്കാണ് പൊലീസ് അന്വേഷണം ചെന്നെത്തിയത്. അയാളെ പിടികൂടുകയും മോഷണ വസ്തുക്കൾ വിൽപന നടത്തുന്ന മറ്റ് രണ്ട് ഏഷ്യക്കാരെ കൂടി കണ്ടെത്തുകയും ചെയ്തതോടെ അന്വേഷണം നേർദിശയിലേക്ക് നീങ്ങി. തുടർന്ന് പോലീസ് അഞ്ച് പേരെയും പിടികൂടുകയും വസ്തുക്കൾ പൂർണമായും വീണ്ടെടുക്കുകയും ചെയ്തു.

error: Content is protected !!