ദുബായ്

ദുബായിൽ പരസ്യം പതിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ദുബായ് ഭരണാധികാരി; നിമയ ലംഘകർക്ക് വൻ തുക പിഴ

എമിറേറ്റിൽ പരസ്യങ്ങൾ പതിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിന്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളിൽ പരസ്യ ബോർഡുകൾ ഘടിപ്പിക്കരുതെന്ന് ഉത്തരവിൽ പറഞ്ഞു. നിമയ ലംഘകർ വൻ തുക പിഴ ഒടുക്കേണ്ടി വരും.

പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരിക്കരുത് പരസ്യങ്ങളെന്ന് ഉത്തരവിൽപറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരസ്യങ്ങളിലൂടെ കൈമാറുന്നതും നിയമ ലംഘനമായി കരുതും. ദുബായിലെ ഫ്രീ സോണുകളടക്കം എല്ലായിടത്തെയും പരസ്യങ്ങളിൽ നിയമം ബാധകമാണെന്നും വ്യക്തമാക്കി.

പരസ്യം പതിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ചരിത്രപരമായ കെട്ടിടങ്ങൾ, പ്രാർഥനാലയങ്ങൾ, ശ്മശാനങ്ങൾ, ട്രാഫിക്
ലൈറ്റുകൾ, സൈന്‍ ബോർഡുകൾ, ഗവ. കെട്ടിടങ്ങൾ, മരങ്ങൾ, കർശന പ്രവേശമുള്ള സ്ഥലങ്ങൾ, താമസ കെട്ടിടങ്ങൾ, അധികൃതർ നിർദേശിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ പതിക്കാൻ പാടുള്ളതല്ല.

കരാർ പ്രകാരം പരസ്യം പതിക്കാൻ അനുവദിച്ച സമയം കഴിഞ്ഞാൽ അഡ്വർടൈസിങ് കമ്പനി അവ നീക്കം ചെയ്യേണ്ടതാണ്.

അല്ലാത്തവർക്ക് കനത്ത പിഴ ചുമത്തും. ആർക്കെങ്കിലും പിഴ കാര്യത്തിൽ അപ്പീൽ നൽകാനുണ്ടെങ്കിൽ 30 ദിവസത്തിനകം അധികൃതരെ സമീപിക്കണം.