Uncategorized

ദുബായ് നിറയെ സമോവർ;പ്രവാസികള്‍ക്കിടയില്‍ സമോവർ ചായയ്ക്ക് പ്രിയമേറുന്നു

guest reporter writes

ദുബായ് നിറയെ സമോവർ;
പ്രവാസികള്‍ക്കിടയില്‍ സമോവർ ചായയ്ക്ക് പ്രിയമേറുന്നു

അബൂദബി: കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെ ചായക്കടകളെ ഒരു കാലത്ത് അടക്കി വാണിരുന്ന സമോവർ ചായ ഇപ്പോൾ ദുബായിലും താരമായിരിക്കുകയാണ്.
ദുബായ് ഉൾപ്പെടെ യു.എ.ഇ.യിലെ മലയാളി കേന്ദ്രങ്ങളിൽ തട്ടുകടകൾ. കടുപ്പത്തിലുള്ള സമോവർ ചായക്കടകൾ പതിവുകാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്നു. ദുബായിലെ ഖിസൈസ്, അൽ നഹ്ദ, കരാമ, ഷാർജ അൽ നഹ്ദ, അൽവാദ, റോള, അബുദാബി മുസ്സഫ, മഫർക്ക്, തുടങ്ങി മലയാളികളേറെ താമസിക്കുന്ന ഭാഗങ്ങളിൽ ഓരോ ഹോട്ടലുകളിലും കാണും ഓരോ തട്ടുകടകൾ. ഓരോ തട്ടുകടകളിലും കാണും തിളച്ചുമറിയുന്ന ഒരു സമോവറെങ്കിലും. വൈകീട്ട് നാലുമുതൽ ഇവിടങ്ങളിൽ തിരക്കോട് തിരക്കുതന്നെ. സമോവർ ചായയും ചെറുകടികളുമായി ചായക്കടകൾ സജീവമാകും. രാത്രി എട്ടുമണിയോടെ ചായക്കടികൾ തീർന്നാലും സമോവറിൽ വെള്ളം തിളച്ചുകൊണ്ടേയിരിക്കും. ഏത് പാതിരാത്രിയും സമോവർ ചായ റെഡി. ഒരു പ്രത്യേക രുചിയാണ് സമോവർ ചായയ്ക്ക്. അതുകൊണ്ടുകൂടിയാണ് ഭക്ഷണപ്രേമികൾക്ക് സമോവറിനോട് പ്രിയമേറിയത്.

ജോലിക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും സമോവർ പതിവാക്കിയവർ നിരവധിയാണ്.
വൈകുന്നേരത്തെ സ്നാക്സിപ്പോൾ സമോവറിനൊപ്പമാണ്.
മലയാളികൾക്കു പുറമെ മറുനാട്ടുകാരും സമോവർ ചായയുടെ ഇഷ്ടക്കാരാണ്.
ദിവസം രണ്ട് ചായ കുടിച്ചിരുന്നവർ തണുപ്പ് തുടങ്ങിയതോടെ നാലും അഞ്ചുമായി വർദ്ധിപ്പിച്ചിരിക്കുന്നു.
സമോവറില്ലാത്തിടത്തേക്ക് ചായ കുടിക്കാൻ ആളുകൾ എത്തുന്നില്ല.
കേരളത്തിൽ നിന്നാണ് സമോവർ എത്തിക്കുന്നത്.
വലിയ മാളുകളിലെ ഹോട്ടലുകൾ പോലും സമോവർ ചായ നൽകി തുടങ്ങി ഇതിനായി കേരളത്തിലെ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫുഡ് കോര്‍ട്ടില്‍ തട്ടുകട ഒരുക്കിയിട്ടുണ്ട്. രണ്ടു ദിർഹമാണ് സമോവർ ചായയുടെ ദുബായിലെ ഹോട്ടലുകളിലെ വില.

ഉബൈദത്ത് പൊന്നാനി