അന്തർദേശീയം

ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ; എമിറേറ്റ്സ് ഉൾപ്പെടെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

ലണ്ടന്‍: ഏഴ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ അപകസാധ്യത മുന്‍നിര്‍ത്തി നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. സ്‌കോട്ട്‌ലണ്ടിലേക്ക് വീശിയടിച്ച സിയാറ കൊടുങ്കാറ്റ് മൂലം യുകെയില്‍ കാറ്റിന്റെ വേഗത 90 എംപിഎച്ച് ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ടിന്റെ വെസ്റ്റ് തീരങ്ങളില്‍ 70 എംപിഎച്ച് വേഗത്തിലാണ് കാറ്റ് വീശുന്നത്. ഞായറാഴ്ച രാജ്യത്തിന്റെ മറ്റിടങ്ങിലേക്കും സിയാറ പടരുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

മോശം കാലാവസ്ഥ വ്യോമഗതാഗതം താറുമാറാക്കി. യൂറോപ്പിന് അകത്തും, പുറത്തേക്കും സഞ്ചരിക്കുന്ന നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹീത്രൂ, ഗാറ്റ്‌വിക്ക് തുടങ്ങിയ യുകെ വിമാനത്താവളങ്ങളിലും റദ്ദാക്കലും, യാത്ര വൈകലും തുടരുകയാണ്. 75 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്‌കോട്ട്‌ലണ്ടില്‍ ഫെറി സര്‍വ്വീസുകള്‍ റദ്ദാക്കി. യുകെയിലെ എല്ലാ ഭാഗങ്ങളിലും യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 5070 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ 100 എംഎം വരെയും മഴ പെയ്തിറങ്ങും.

കാറ്റില്‍ അവശിഷ്ടങ്ങള്‍ പറന്നുപൊങ്ങി ജീവന് അപകടവും, പരുക്കും ഏല്‍ക്കാനുള്ള സാധ്യതകളുണ്ടെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍ മുന്നറിയിപ്പ് നല്‍കി. കെട്ടിടങ്ങള്‍ക്ക് കേടുപാടിനും സാധ്യതയുണ്ട്. വൈദ്യുതി ബന്ധം തകരാറിലാകാനും കാലാവസ്ഥ മോശമാകുന്നതോടെ വഴിയൊരുങ്ങും. ഇലക്ട്രിക് കേബിളുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അടിയന്തരമായി പരിഹരിക്കാന്‍ ജീവനക്കാരെ ജാഗ്രതയില്‍ നിര്‍ത്തിയിട്ടുണ്ട്. ലണ്ടന്‍ ഗാറ്റ്‌വിക്കിലും, ഹീത്രൂവിലും യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഹീത്രൂവില്‍ 37 വിമാനങ്ങള്‍ റദ്ദാക്കി. 50 വിമാനങ്ങള്‍ വൈകുകയുമാണ്. ഗാറ്റ്‌വിക്കില്‍ 40 വിമാനങ്ങളാണ് വൈകുന്നത്. ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എയര്‍പോര്‍ട്ടുകളിലും വിമാനയാത്രകള്‍ തടസ്സം നേരിടുന്നുണ്ട്. സിയാറ കൊടുങ്കാറ്റ് മൂലം എട്ട് ലണ്ടന്‍ റോയല്‍ പാര്‍ക്കുകള്‍ തിങ്കളാഴ്ച വരെ അടച്ചു. സിയാറ കൊടുങ്കാറ്റ് ‘കാലാവസ്ഥാ ബോംബായി’ ശക്തിയാര്‍ജ്ജിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

 

error: Content is protected !!