ഇന്ത്യ കേരളം ദേശീയം

ഇന്ത്യയിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ് , കേരളത്തിലെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ക്ക് ലോക്ക് വീണു

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.

ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം ആശുപത്രി, നഴ്‌സിങ് ഹോം, പൊലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകള്‍ തുറക്കാം.

കേരളത്തിലെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നിര്‍ദേശം. ബിവ്‌റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കി.

എത്ര ദിവസം വരെ അടച്ചിടുമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.