Info കേരളം

നിരീക്ഷണത്തിലിരിക്കെ കൊല്ലം സബ് കളക്ടർ മുങ്ങി: കേസെടുത്തു

കൊല്ലം: വിദേശത്ത് നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിൽ ഇരിക്കെ കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി. അദ്ദേഹത്തിനെതിരെ കേസെടുത്തു. 19 ആം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടർ. ആരോഗ്യ നില പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗികവസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഉച്ചയ്ക്ക് താൻ സ്വദേശമായ കാൺപൂരിൽ ആണെന്ന് അറിയിച്ചുകൊണ്ട് മറുപടി ലഭിച്ചു. ജില്ലാ കളക്ടറെയോ ചീഫ് സെക്രട്ടറിയോ അറിയിക്കാതെയാണ് സബ് കളക്ടർ മുങ്ങിയത്.

ഇവിടെ പരിചയക്കാർ ഇല്ലാത്തതിനാലും ഭാഷ അറിയാത്തതിനാലുമാണ് ബാംഗ്ലൂരിലേക്ക് പോയതെന്ന് സബ് കളക്ടർ വിശദീകരണം നൽകി. ഔദ്യോഗിക നമ്പറിൻറെ ലൊക്കേഷൻ പരിശോധിച്ചാണ് കാൺപൂരിലാണെന്ന് വ്യക്തമായത്. ക്വറന്റയിൻ ലംഘിച്ചത് ഗുരുതരമായ കുറ്റമാണെന്നും സർവീസ് റൂളിനു വിരുദ്ധമാണെന്നും കളക്ടർ പറഞ്ഞു.