അബൂദാബി ആരോഗ്യം

കോവിഡ് 19 പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഭക്ഷണ സാധന വിതരണം നടത്തി ലുലു എക്സ്ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് ചരിത്രം രചിക്കുന്നു.

അബുദാബി: കോവിഡ് 19ന്റെയും നോമ്പുകാലത്തിന്റെയും പശ്ചാത്തലത്തിൽ ലുലു എക്സ്ചേഞ്ചിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധ നേടുന്നു. നിത്യേനയെന്നോണം ആയിരക്കണക്കിന് സാധാരണക്കാർക്കാണ് അദീബ് അഹമ്മദിന്റെ നിർദേശത്തിൽ ലുലു എക്സ്ചേഞ്ച് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്.

ഇതുവരെയായി ഏകദേശം രണ്ട് ലക്ഷത്തോളം പേർക്ക് കഴിക്കാൻ പറ്റുന്ന കിറ്റുകളാണ് ലുലു എക്സ്ചേഞ്ച് വിവിധ സന്നദ്ധ സംഘടനകൾ വഴി വിതരണം ചെയ്തത്. ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം തുടങ്ങിയ അംഗീകൃത സംഘടനകൾ വഴിയും കെ.എം.സി.സി, ഇൻകാസ്, ശക്തി തീയറ്റർ, നോർക്ക, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ, ഉമ്മ അൽ ക്വയ്‌ൻ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ അമേച്വർ സംഘടനകൾ വഴിയുമാണ് ലുലു എക്സ്ചേഞ്ച് ഇന്ത്യക്കാർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നത്. കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ, പലസ്‌തീൻ, ഫിലിപ്പൈൻസ്, സുഡാൻ, ഈജിപ്ത് , ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ജോർദാൻ തുടങ്ങിയ രാജ്യക്കാർക്കും ലുലു എക്സ്ചേഞ്ച് ഭക്ഷണപ്പൊതികൾ എത്തിക്കുന്നുണ്ട്. കൂടാതെ അബുദാബിയിൽ സൈന്റ്റ് ജോസഫ് ദേവാലയത്തിലും, നിർമ്മാണം നടക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ തൊഴിലാളികൾക്കും കഴിഞ്ഞ ദിവസം ഭക്ഷണക്കിറ്റുകൾ എത്തിച്ചു.

അദീബ് അഹമ്മദിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് അബുദാബി ബാങ്കും എമിറേറ്റ്സ് ഫൗണ്ടേഷനും ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് പ്രവർത്തിക്കുകയാണിപ്പോൾ.

റമദാൻ കഴിഞ്ഞാലും അർഹതയുള്ള ആളുകൾക്ക് ആഹാരം എത്തിക്കാൻ ഗ്രൂപ്പ് തയ്യാറാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി രാപകലില്ലാതെ പ്രവർത്തിക്കുന്ന ഒരു വോളന്റീർ വിഭാഗം ഗ്രൂപ്പിനുള്ളിൽ തന്നെ സജീവമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ആഹാരസാധനങ്ങളുടെ വിനിമയവും കൈമാറ്റവും പോലെ ചാരിതാർഥ്യം നൽകുന്ന പ്രവൃത്തി വേറെ ഇല്ലെന്ന് അദീബ് അഹമ്മദ് വിശ്വസിക്കുന്നു. സ്ഥിരമായി ലുലു എക്സ്ചേഞ്ച് ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സമാശ്വാസ സഹായ പ്രവർത്തനങ്ങളുടെയും തുടർച്ചയാണ് ഈ അന്ന വിതരണമെന്നും അധികൃതർ വ്യക്തമാക്കി. ആളുകൾക്ക് നാട്ടിലേക്ക് കൂടുതലായി പണം അയക്കാൻ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ പോലും വ്യാപാര താല്പര്യങ്ങൾ വെക്കാതെ വൈജാത്യങ്ങൾ ഇല്ലാതെ അർഹതയുള്ളവർക്കുവേണ്ടി ജീവകാരുണ്യ പ്രക്രിയ നടത്തുന്ന ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിനെ ഗുണഭോക്താക്കൾ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

error: Content is protected !!