ആരോഗ്യം ദുബായ്

മുഖ്യമന്ത്രിയുടെത് വാഗ്ദത്തലംഘനം: കെ.എം.സി.സി

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ‌വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നാട്ടിലേക്കെത്തുമ്പോൾ ക്വാറന്റൈൻ ഉൾപ്പടെയുള്ള ചെലവുകളെല്ലാം വരുന്നവർ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തെ നിരാശയിലാഴ്ത്തുന്ന വാഗ്ദത്തലംഘനമാണെന്ന് കെ.എം.സി‌.സി. തിരിച്ചുവരുന്നതിനായി ഏര്‍പ്പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ രണ്ടു ലക്ഷത്തിലേറെ പേർ രജ്സ്തർ ചെയ്ത സമയത്ത് മുഖ്യമന്ത്രി പിണറായി വാർത്താസമ്മേളനത്തിൽ അറിയിച്ചത് മടങ്ങിവരുന്നവരുടെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ്. ഏപ്രിൽ അവസാന വാരം മുഖ്യമന്ത്രി നൽകിയ ആ ഉറപ്പ് പാലിക്കില്ലെന്നാണു മെയ് അവസാന വാരമായപ്പോൾ മുഖ്യമന്ത്രി തന്നെ പറയുന്നത്. പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയും അവഹേളനവുമാണിത്. മുഖ്യമായുടെ പുതിയ വെളിപ്പെടുത്തലിനെതിരെ രംഗത്തുവന്ന യു.എ.ഇ കെ.എം.സി.സി വ്യക്തമാക്കി.

വിദേശത്തുനിന്ന് പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവര്‍ക്കള്ള എല്ലാ സൗകര്യങ്ങളും സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്നാണു മുഖ്യമന്ത്രി ഏപ്രിൽ അവസാനം നൽകിയ ഉറപ്പ്. രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം മാത്രമല്ല, അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ച പ്രവാസികളെ അവഹേളിക്കുന്ന നിലപാടാണ് അദ്ദേഹം ഇപ്പോളെടുത്തിരിക്കുന്നത്. നാട്ടിലെത്തുന്നതു പാവങ്ങളായാലും വരുന്നവർ തങ്ങളുടെ ചെലവു വഹിക്കണമെന്ന പ്രഖ്യാപനം കടുത്ത അനീതിയാണ്. ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെ വാഗ്ദത്തം ലംഘിക്കാൻ പാടില്ല. കെ.എം.സി.സി യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പ്രതികരിച്ചു.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണമെന്നും നേരത്തെ പലവട്ടം ആവർത്തിച്ച മുഖ്യമന്ത്രി ഇപ്പോൾ എടുത്ത തീരുമാനം പ്രവാസികളെ കയ്യൊഴിയുന്നതാണ്. തീർത്തും നിസ്സഹായരും നിർധനരുമായവരാണ് നാട്ടിലെത്താൻ കാത്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടു പ്രവാസി കൂട്ടായ്മകളുടെ കാരുണ്യത്തിൽ കഴിഞ്ഞവരും സമ്പാദ്യമൊന്നും ഇല്ലാത്തവരുമാണ് തിരിച്ചുവരുന്നത്. അവരെ പറഞ്ഞു പറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പ്രവാസികളുടെ കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ മുഴുവൻ വാചകക്കസർത്തുകൾ മാത്രമായി മാറുന്നത് ഏറെ ഖേദകരമാണ്. കേരള സർക്കാർ ഈ തീരുമാനം പുനപരിശോധിക്കണം. കെ.എം.സി.സി ആവശ്യപ്പെട്ടു.

error: Content is protected !!