അബൂദാബി ആരോഗ്യം കേരളം

ലോകമറിയണം റിനുവിന്റെ നന്മയെ..

കോവിഡ് ഭൂമിയിൽ നിന്നും തുടച്ചുമാറ്റപ്പെടുമ്പോൾ ലോകത്തിലെ സകല മനുഷ്യരും ഓർക്കേണ്ട ചില മുഖങ്ങളുണ്ട്. ആ നിരയിലേക്ക് കേരളത്തിന്റെ മണ്ണിൽ നിന്നും ഒരു മാലാഖ കൂടി നടന്നുകയറുകയാണ്, റിനു അഗസ്റ്റിൻ.

ആലപ്പുഴ ജില്ലയിൽ എമർജൻസി നഴ്സ് ആയി ജോലി ചെയ്തിരുന്ന റിനു തന്റെ പ്രഗ്നൻസി ലീവിനിടെയാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ അപേക്ഷ സമർപ്പിച്ചു കാത്തിരുന്നു. ഒടുവിൽ തന്റെ പ്രഗ്നൻസി ലീവ് അവസാനിപ്പിച്ചാണ് യുഎഇ യിലേക്കുള്ള ഇന്ത്യൻ കോവിഡ്‌ 19 മെഡിക്കൽ സംഘത്തിന്റെ ഭാഗമായി അബുദാബിയിലേക്ക് പോയത്.

തന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് ജിൻസിനെ ഏൽപ്പിച്ച്‌ നിശ്ചയദാർഢ്യത്തോടെ യാണ് റിനു യാത്രയായത്. തന്റെ കുഞ്ഞിന്റെ കരയുന്ന മുഖം കാണുമ്പോഴും ദിനംപ്രതി രോഗബാധിതരാവുന്ന നിരവധി ജീവനുകൾക്ക് വേണ്ടിയാണ് താൻ പോകുന്നത് എന്ന ബോധ്യം തന്നെയാണ് റിനുവിനെ മുന്നോട്ട് നയിക്കുന്നത്.

രണ്ടര വർഷമായി നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്ന റിനു ഏറെ ആഗ്രഹിച്ചാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ മെഡിക്കൽ സംഘത്തിന്റെ ഭാഗമായത്.ആഗ്രഹം ശക്തമായതിനാൽ ഭർത്താവും കുടുംബവും എല്ലാം കൂടെ നിന്നു.

ഭർത്താവ് ജിൻസ് ആരിഫ് മുഹമ്മദ് എംപി യുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മൂത്ത മകളായ നാലുവയസ്സുകാരി ആഗിയോൺ ജെ മരിയ അമ്മയെ കാണണം എന്ന് വാശി പിടിച്ച് രാത്രി കരയുമ്പോൾ നാടിന്റെ മുറിവുണക്കാനാണ് അമ്മ പോയതെന്ന് അഭിമാനത്തോടെ മക്കൾക്ക് പറഞ്ഞു നൽകുകയാണ് ഈ അച്ഛനും.

ഞായറാഴ്ച തന്നെ പരിശോധനകൾക്കായി റിനു വീട്ടിൽ നിന്നും യാത്ര തിരിച്ചിരുന്നു. കരയാതിരിക്കാൻ പ്രയാസപ്പെട്ട് തിരിഞ്ഞുപോലും നോക്കാതെ യാത്രയായ റിനുവിന് വേണ്ടി നാട് പ്രാർത്ഥനയിലാണ്. ഇനി റിനുവിന്റെ ഫോൺ വിളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജിൻസും കുടുംബവും.

error: Content is protected !!