ആരോഗ്യം ടെക്നോളജി ദുബായ്

കോവിഡ് പ്രതിരോധം ; മെഡിക്കൽ വെന്റിലേറ്ററുകൾ നിർമ്മിച്ച സംഘത്തെ പ്രശംസിച്ച് ഷെയ്ഖ് ഹംദാൻ

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ വെന്റിലേറ്ററുകൾ നിർമിച്ച സംഘത്തെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും പ്രശംസിച്ചു.ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനിലെ(DFF) പ്രാദേശിക,അന്തർദേശീയ വിദഗ്ധർ അടങ്ങുന്ന സംഘമാണ് വെന്റിലേറ്ററുകൾ നിർമിച്ചത്.പൂർണമായും യുഎഇയിൽ രൂപകൽപന ചെയ്ത് തയ്യാറാക്കുന്ന ആദ്യത്തെ മെഡിക്കൽ വെന്റിലേറ്ററുകളാണിത്.വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു നിർമാണം.

സംഘത്തിലെ എല്ലാ വിദഗ്ധരുടെയും പരിശ്രമങ്ങളിലും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനിലും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ഭാവിയിൽ വരാനിരിക്കുന്ന ഏതൊരു പ്രതിസന്ധിയെയും തന്ത്രപരമായ നീക്കങ്ങളോടെ തരണം ചെയ്യാൻ ദുബായ് സജ്ജമാണെന്നും ബുദ്ധിമുട്ടുകളിൽ തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയുടെ ഈ നേട്ടത്തിലും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനെ ഒരു ആഗോള ഗവേഷണകേന്ദ്രമാക്കുന്നതിലും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!