അബൂദാബി ആരോഗ്യം

അബുദാബിയിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളെ പരിചരിക്കാനായി പ്രൈം കെയർ സെന്ററുകൾ ആരംഭിച്ചു 

കോവിഡ് പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയവർക്ക് കൃത്യമായ ചികിത്സ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചു. അംബലേറ്ററി ഹെൽത്ത് കെയർ സർവീസ് (AHS), അബുദാബി ഹെൽത്ത് സർവീസ് കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് പുതിയ കോവിഡ് പരിശോധന – ചികിത്സ സംവിധാനം ആരംഭിച്ചത്.

അബുദാബി നാഷണൽ ഏവിയേഷൻ സെന്റർ, അൽ അയ്ൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഒരേ സമയം 3, 500 ആളുകളെ മുഴുവൻ സൗകര്യങ്ങളോടെയും ചികിത്സിക്കാനുള്ള സംവിധാനമാണ് ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഏവിയേഷൻ സെന്ററിൽ 2, 000 ആളുകളെയും, അൽ അയ്നിലെ കേന്ദ്രത്തിൽ 1, 500 പേരെയുമാണ് ഒരേ സമയം പരിശോധിക്കുവാൻ കഴിയുക.

നിലവിൽ 2 മില്യണിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ വ്യാപകമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ പ്രവർത്തകർ. ഇതേ തുടർന്ന് കൂടുതൽ ആളുകളിൽ രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആദ്യ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുന്ന ആളുകളെ SMS വഴി വിവരങ്ങൾ അറിയിക്കുന്നതാണ്. ഇവർ എത്രയും പെട്ടെന്ന് ഇവർ പ്രൈം അസസ്മെന്റ് സെന്ററുകളിൽ എത്തണം. തുടർന്ന് ഇവരെ പ്രത്യേക യെല്ലോ ഹാളിലേക്ക് പ്രവേശിപ്പിക്കും. ഇവരിൽ വീണ്ടും പരിധോധന നടത്തിയതിന് ശേഷം വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നതിനായി അയക്കും. രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവാകുകയും, തുടർന്ന് ഇവരുടെ ആരോഗ്യ നില മോശമാകുകയും ചെയ്താൽ ഇവരെ റെഡ് ഹാളുകളിൽ പ്രവേശിപ്പിക്കുകയും, ഇവിടെ വെച്ച് ഇവരുടെ ഇ.സി.ജി, ബ്ലഡ് ടെസ്റ്റ്, എക്സ് റേ, CT സ്കാൻ തുടങ്ങിയവ എടുക്കുകയും,ആവശ്യമായ വിദഗ്ധ ചികിത്സ നൽകുകയും ചെയ്യും.

രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയാൽ ഇവരെ പിങ്ക് ഹാളുകളിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് ആരോഗ്യ നില തൃപ്തികരമാകുന്ന മുറയ്ക്ക് ഇവരെ വീടുകളിലേക്ക് ക്വാറന്റൈനിൽ അയയ്ക്കും.

error: Content is protected !!