കായികം ദുബായ്

ദുബായിൽ മറൈൻ, വാട്ടർ സ്പോർട്സ് മത്സരങ്ങൾ പുനരാരംഭിക്കുന്നു  

കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വെച്ചിരുന്ന മറൈൻ, വാട്ടർ സ്‌പോർട്‌സ് മത്സരങ്ങൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന്  ദുബായ് സ്‌പോർട്‌സ് കൗൺസിൽ പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യ ഘട്ടത്തിൽ ദുബായ് തീരത്തും, ഹത്ത   ഡാം പരിസരത്തുമായാകും പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.

ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് മറൈൻ, വാട്ടർ സ്‌പോർട്‌സ് മത്സരങ്ങൾ വീണ്ടും പുനരാരംഭിക്കാൻ കൗൺസിൽ തീരുമാനിച്ചത്. കൗൺസിലിന് കീഴിലെ അനുബന്ധമേഖലകളും വരും ആഴ്ചകളിൽ തന്നെ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഇടപെടലുകളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടാകും പരിപാടികൾ സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ പ്രോട്ടോക്കോളും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയും, 60 വയസ്സിനു മുകളിൽ പ്രായമുള്ള  മുതിർന്നവരെയും മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ, മറ്റ് ഗുരുതര ആരോഗ്യ ബുദ്ധിമുട്ടുകളോ നേരിടുന്നവർക്കും വിലക്ക് തുടരും. കൂടാതെ ആരാധകർക്കോ, സന്ദർശകർക്കോ വേദികളിൽ പ്രവേശിക്കുന്നതിനു വിലക്കുകളുണ്ടാകും.

error: Content is protected !!