ദുബായ് സോഷ്യൽ മീഡിയ വൈറൽ

ഭൗമ സംരക്ഷണം പ്രമേയമാക്കി ശരത്തിന്റെ മേൽനോട്ടത്തിൽ ദുബായിൽ നിന്ന് ഒരു സംഗീത സമർപ്പണം.

മൈക്കൽ ജാക്‌സന്റെ പ്രസിദ്ധമായ earth എന്ന ഗാനം പിറവികൊണ്ടിട്ട് കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സേവ് എർത്ത് ( ഭൗമ സംരക്ഷണം ) പ്രമേയമാക്കി പ്രമുഖ സംഗീത സംവിധായകൻ ശരത്തിന്റെ മേൽനോട്ടത്തിൽ ഒരു സംഗീത സമർപ്പണം നടത്തുന്നു. ഏഷ്യാവിഷൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗായിക ദീപാ ഗണേഷ് ഏകോപനം നിർവഹിക്കുന്ന പൃഥ്‌വി എന്ന ഗാനം വിവിധ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ശരത് ആണ്. ശരത്തിനൊപ്പം കെ എസ് ചിത്ര , ബോംബെ ജയശ്രീ , അഭയ് ജോധ്പുർക്കർ ,സുനിതാ സാരഥി, ദീപാ ഗണേഷ് തുടങ്ങിയവർ ആലപിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശ വാഹകരായി ഇവർ തന്നെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

പ്രമുഖ റേഡിയോ ചാനൽ ഹിറ്റ് എഫ് എം പ്രോഗ്രാം ഡയറക്ടർ മിഥുൻ രമേഷ്‌ , നടനും എം പി യുമായ സുരേഷ് ഗോപിയുടെയും ശരത്തിന്റെയും കെ എസ് ചിത്രയുടെയും സാന്നിധ്യത്തിൽ സൂം സാങ്കേതിക വിദ്യ വഴി “ദുബായ് വാർത്ത” യുടെ യൂട്യൂബ് പേജിൽ റിമോട്ട് സെൻസിങ്ങിലൂടെ ജൂൺ 4 വ്യാഴം വൈകുന്നേരം ഈ ഗാനം ലോകത്തിന് സമർപ്പിച്ചു.

ഏഷ്യാവിഷന്റെ വിഷ്വൽ ക്രീയേറ്റീവ് ഡയറക്ടർ ഹബീബ് റഹ്മാൻ ആണ് ഗാന ചിത്രീകരത്തിന്റെ സംവിധാനം.ആശയം മുന്നോട്ടു വച്ചത് ദുബായിലെ എഞ്ചിനീയർ ആയ ജിതിൻ ഫ്രാൻസി ആണ്. അപൂർവ സംഗീത ഉപകരണമായ ചിത്ര വീണ ഈ ഗാനത്തിൽ അതി മനോഹരവും വ്യത്യസ്തവുമായി സന്നിവേശിപ്പിച്ചിരിക്കുന്നത് രവി കിരൺ ആണ്.

മനുഷ്യന്റെ ആർത്തിയോടെയുള്ള ദുരുപയോഗം ഭൂമീ മാതാവിന് ഏൽപ്പിക്കുന്ന പോറലുകളും അശാസ്ത്രീയമായി ഭൂമിയെ ചൂഷണം ചെയ്ത് നാൾക്കുനാൾ മലീമസമാക്കുന്നതും അനതി വിദൂര ഭാവിയിൽ മാനുഷരാശിയെയും മറ്റ്‌ സസ്യ ജീവ ജാലങ്ങളെയും തന്നെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് “പൃഥ്‌വി ” നൽകുന്നത്. നിയന്ത്രിക്കാൻ കഴിയാത്ത കാട്ടു തീയും കാലം തെറ്റി പെയ്യുന്ന മഴയും പരിധി വിടുന്ന വെള്ളപ്പൊക്ക ദുരന്തങ്ങളും കടൽ കര കയറുന്നതും ഭൂമി വിണ്ടു കീറുന്നതും ജലം മലിനമാകുന്നതും കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുന്നതും ഭൂകമ്പങ്ങൾ ജീവിതം താറുമാറാക്കുന്നതും അസമയത്തെ വേനലും വരൾച്ചയും അസാധാരണമായി കുടിവെള്ളലഭ്യത കുറയുന്നതും ജീവികൾക്ക് വംശ നാശം സംഭവിക്കുന്നതുമെല്ലാം ഭൂമിക്കുമേൽ മനുഷ്യർ നടത്തുന്ന ദുരുപയോഗത്തിന്റെ അനന്തര ഫലങ്ങൾ ആണെന്ന് ഗാനം അതിലെ ചിത്രീകരണത്തിലൂടെ സമർത്ഥിക്കുന്നു.

പ്രകൃതിയുടെ ശുദ്ധിയെ തലമുറകൾ കൈമാറി മുന്നോട്ടു കൊണ്ടുപോകണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. “പൃഥ്‌വി ” യിലെ പ്രശസ്ത ഗായകർ തന്നെ ഈ ഗാന ചിത്രീകരണത്തിൽ ഒരു ചെറു സസ്യത്തെ പവിത്രമായി പരസ്പരം കൈമാറുന്നതിലൂടെ , നമ്മൾ ഭൗമ സ്നേഹം കാത്തു സൂക്ഷിക്കണമെന്ന് ഓർമിപ്പിക്കുന്നു. പരിസ്ഥിതി ദിനത്തിൽ മനുഷ്യ സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സമർപ്പണം. കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് എന്ന അന്താരാഷ്ട്ര സർവകലാശാലയിലെ വിവിധ രാജ്യക്കാരായ വിദ്യാർത്ഥികളും ഫാക്കൽറ്റിയുമാണ് ആണ് ഇതിന്റെ ആശയ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിൽ മൂല ഗാന രചന നിർവഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. “പൃഥ്‌വി – ദി ലെയർ വി ലൂസ് ” എന്നതാണ് ഗാനത്തിന്റെ സ്ലോഗൻ.

 

error: Content is protected !!