അതിവേഗം വളരുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയെ ഭാവിയിൽ നയിക്കാൻ പ്രതിഭാധനരായ യുവജനങ്ങൾക്ക് അവസരമൊരുക്കുന്നതിനായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ന്യു മീഡിയ അക്കാദമി ആരംഭിച്ചു.
ഡിജിറ്റൽ മാസ്റ്റർ ക്ലാസുകളിലൂടെ, സോഷ്യൽ മീഡിയ കണ്ടെന്റ് സ്രഷ്ടാക്കളെ പരിപോഷിപ്പിക്കുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗിലെയും സോഷ്യൽ മീഡിയയിലെയും നൂതന വിഭവങ്ങളെ വികസിപ്പിക്കുന്നതിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ നൽകാനും ന്യൂ മീഡിയ അക്കാദമിയിലൂടെ സാധിക്കും.
യുവാക്കളുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്തുകയും പുതിയ സമ്പദ്വ്യവസ്ഥയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന പൗരന്മാരായി ഇവരെ മാറ്റുകയുമാണ് അക്കാദമി ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ഓൺലൈൻ മാസ്റ്റർക്ലാസുകൾ ജൂലായ് ഏഴിന് ആരംഭിക്കും. ഓഗസ്റ്റ് രണ്ടിനാണ് സോഷ്യൽ മീഡിയ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം.ഡിജിറ്റൽ മാർക്കറ്റിങ്ങിൽ നേട്ടമുണ്ടാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിൽ ലളിതമായ രീതിയിലാണ് അക്കാദമിയുടെ കട്ടിങ് എഡ്ജ് പാഠ്യപദ്ധതി.
പഠനം പൂർത്തിയാക്കുന്നവർക്ക് യു.എ.ഇ. അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും. പാഠ്യപദ്ധതിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.newmediaacademy.ae എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.