കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന യു.എ.ഇ യിലെ സ്കൂളുകളും, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ, മാനവ വിഭവശേഷി സമിതി യോഗത്തിൽ ചർച്ച ചെയ്തു.
പൊതു-സ്വകാര്യ സർവ്വകലാശാലകളിലും, സ്കൂളുകളിലും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യത അടുത്ത സെപ്റ്റംബറിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തിക്കൊണ്ടായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ അധ്യാപന, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം നടപ്പാക്കുന്നതിൽ കാണിച്ച ഇടപെടലുകളെ വിദ്യാഭ്യാസ-മാനവ വിഭവശേഷി സമിതി അഭിനന്ദിച്ചു. കൂടാതെ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും കാണിച്ച സഹകരണത്തെയും സമിതി പ്രശംസിച്ചു.
യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ, മാനവ വിഭവശേഷി സമിതി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയെക്കുറിച്ചും യുഎഇയിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനുള്ള സാധ്യതയെക്കുറിച്ചും വിശദീകരിച്ചു.