കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുഎഇയിൽ അടുത്ത അധ്യയന വർഷത്തിലേക്ക് സ്കൂളുകളും, സർവ്വകലാശാലകളും, നഴ്സറികളും സെപ്റ്റംബറിൽ വീണ്ടും തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ സർക്കാർ.
കർശനമായ മുൻകരുതൽ നടപടികൾ പാലിച്ച് എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പുനരാരംഭിക്കാനുള്ള സാധ്യത മുൻ നിർത്തി പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് അനൗദ് അബ്ദുല്ല അൽ ഹജ്ജ് പറഞ്ഞു.
മുഴുവൻ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും താപനില ദിവസേന എല്ലാ സ്കൂളുകളിലും പരിശോധിക്കുമെന്ന് അനൗദ് അബ്ദുല്ല പറഞ്ഞു.കൂടാതെ സ്കൂൾ ബസിൽ കയറുമ്പോഴും കുട്ടികളുടെ താപനില പരിശോധിക്കണം. ബസുകളിൽ കുട്ടികൾ കൃത്യമായി സമൂഹിക അകലം പാലിക്കുന്നുണ്ടൊയെന്നും അധികൃതർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദ്ദേങ്ങൾ ;
1.എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപന സ്റ്റാഫുകളുടെയും താപനില പരിശോധിക്കണം
2.ശാരീരിക അകലം പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പ് വരുത്തണം.
3. എല്ലാ സ്കൂൾ പ്രദേശങ്ങളും ശുചിത്വം പാലിക്കണം.
4 വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഭക്ഷണം പങ്കിടാൻ പാടില്ല.
5. അസംബ്ലികൾ, യാത്രകൾ, , ക്യാമ്പുകൾ, സ്പോർട്സ് ഗെയിമുകൾ എന്നിവ പരിമിതപ്പെടുത്തണം.
6. ഓരോ വിദ്യാഭ്യാസ കേന്ദ്രത്തിലും ഒരു ആരോഗ്യ ഉദ്യോഗസ്ഥനെ വീതം നിയമിക്കണം . സ്കൂളുകളിൽ നഴ്സിംഗ് വകുപ്പുകൾ സ്ഥാപിക്കുന്നത് വഴി അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
7 മാതാപിതാക്കൾ മക്കളുടെ ആരോഗ്യം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിൽ കോവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുകയും വേണം
8. സ്കൂൾ ബസുകളിൽ ആകെ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 30 ശതമാനം കുട്ടികളെ മാത്രമേ കയറ്റുവാൻ പാടുള്ളു
9. കുട്ടികൾ ഏതെങ്കിലും കാരണവശാൽ കോവിഡ് ബാധിതരുമായോ, നിരീക്ഷണത്തിൽ കഴിയുന്നവരുമായോ സമ്പർക്കത്തിൽ വരുന്ന ഘട്ടമുണ്ടായാൽ രക്ഷിതാക്കൾ ഈ വിവരം ഉടൻ തന്നെ സ്കൂൾ /കോളേജ് അധികൃതരെ അറിയിക്കണം.