അന്തർദേശീയം ആരോഗ്യം

അമേരിക്കയില്‍ ആദ്യമായി കോവിഡ് ബാധിച്ച്‌ വളർത്തുനായ മരിച്ചു

അമേരിക്കയില്‍ ആദ്യമായി കോവിഡ് ബാധിച്ച് നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായയാണ് ഇത്. ഇതിന്റെ ഉടമസ്ഥനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മനുഷ്യരില്‍ കാണുന്ന കോവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങളാണ് ബഡ്ഡിയിലും കാണിച്ചിരുന്നത്. രോഗത്തോട് പോരാടിയ ശേഷമായിരുന്നു ബഡ്ഡി കീഴടങ്ങിയത്.

ഏഴ് വയസ്സുള്ള നായയാണ് ബഡ്ഡി. ഏപ്രിലിലാണ് കോവിഡ് ബാധ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതേസമയം നായയുടെ ഉടമ റോബര്‍ട്ട് മഹോനെ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് വരികയാണ്. ബഡ്ഡിക്ക് മൂക്കടപ്പും ഇതിന് പിന്നാലെ ശക്തമായ തോതില്‍ ശ്വാസ തടസ്സവുമുണ്ടായിരുന്നു.

പിന്നീടുള്ള മാസങ്ങളില്‍ ആരോഗ്യ നില വളരെ മോശമാവുകയായിരുന്നു. ജൂലായ് 11ന് ബഡ്ഡി രക്തം ഛര്‍ദിച്ചിരുന്നു. ബഡ്ഡിയുടെ മൂത്രത്തിലും രക്തത്തിന്റെ അംശമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും കോവിഡാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബഡ്ഡിക്ക് ദിവസങ്ങളായി നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. തങ്ങള്‍ താമസിക്കുന്നതിന് സമീപമുള്ള പല മൃഗാശുപത്രികളും അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെന്ന് മഹോനെ പറയുന്നു.

error: Content is protected !!