ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക് ; റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ട് സ്ഥാനത്ത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ 4,24,433 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 425 മരണം റിപ്പോർട്ട് ചെയ്തു. ഇതാടെ ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു. നിലവിൽ 2,53,287 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്.

വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് റഷ്യയിൽ 6,81,251, ബ്രസീലിൽ 15,78,376, അമേരിക്കയിൽ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്. അസം, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ലോക്ക്ഡൗൺ കർശനമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ഡൽഹിയിൽ ഇന്നലെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കർണാടകയിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേർക്ക് രോഗം സ്ഥിരീകരിച്ചു.

error: Content is protected !!