അബൂദാബി കേരളം ദുബായ്

യു.എ.ഇ കെ.എം.സി.സി സൗജന്യ വിമാനം ഇന്ന് ; ലുലു ഗ്രൂപ്പുമായി കൈകോർത്തു ഫ്ലൈ വിത്ത് ഹോണർ പദ്ധതി

റാസൽഖൈമ: കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളിൽ ഏറ്റവും അർഹരായ നൂറ്റിയെഴുപത്തിയഞ്ച് യാത്രക്കാരെയും വഹിച്ചുള്ള സൗജന്യ ചാർട്ടഡ് വിമാനം റാസൽഖൈമ വിമാനത്താവളത്തിൽ നിന്നും ഇന്നു കേരളത്തിലേക്കു യാത്രയാവും. യു.എ.ഇ കെ.എം.സി‌.സിയും ലുലു ഗ്രൂപ്പും കൈകോർത്ത ഫ്ലൈ വിത്ത് ഹോണർ പദ്ധതിയാണ് ഏറെ പ്രയാസപ്പെടുന്ന പ്രവാസികൾക്കായി സൗജന്യ യാത്ര സാധ്യമാക്കിയത്.

കോവിഡ് കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടും മറ്റും തീർത്തും പ്രതിസന്ധിയിലായ പ്രവാസികളിൽ നാട്ടിലേക്കുള്ള മടക്കയാത്രക്കു പോലും പരസഹായം ആവശ്യമായവർ ഉണ്ടെന്നറിഞ്ഞാണു യു.എ.ഇ കെ.എം.സി.സി സൗജന്യ യാത്രാപദ്ധതി പ്രഖ്യാപിച്ചത്. എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള അപേക്ഷകരിൽ ഏറ്റവും അർഹരായവർക്ക് ടിക്കറ്റുകൾ സൗജന്യമായി അനുവദിക്കുകയാണു ചെയ്തത്. ഈ ഉദ്യമത്തെക്കുറിച്ചറിഞ്ഞു സഹായിക്കാൻ തയ്യാറായി ലുലു ഗ്രൂപ്പ് മുന്നോട്ടു വന്നതോടെ പദ്ധതി എളുപ്പത്തിൽ സാധ്യമാക്കാൻ കഴിഞ്ഞതായി യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. യു.എ.ഇ കെ.എം.സി.സിയുടെ ഉദ്യമം പൂർണ്ണ വിജയത്തിലെത്തിക്കാൻ സഹായിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സാഹിബിനു യാത്രക്കാരുടെയും കുടുംബാംഗങ്ങളുടെയും പേരിൽ കെ.എം.സി.സിക്കു വേണ്ടി പുത്തൂർ റഹ്മാൻ കൃതജ്ഞത രേഖപ്പെടുത്തി.

ജോലി നഷ്ട്ടപ്പെട്ടവരും ആയിരത്തിരുന്നൂറ് ദിർഹമിൽ കുറഞ്ഞ വേതനത്തിനു ജോലി ചെയ്തിരുന്നവരുമായവർക്കും ഗാർഹിക വിസയിൽ വന്നു ജോലി നഷ്ടപ്പെട്ടവർക്കും വിസിറ്റിംഗ് വിസയിൽ ജോലി തേടി വന്ന് യു.എ.യിൽ കുടുങ്ങിയവർക്കുമാണു യു.എ.ഇ കെ.എം.സി.സി സൗജന്യ യാത്രാസൗകര്യം ഒരുക്കിയത്. ഇത്തരത്തിൽ പെട്ട അപേക്ഷകരിൽ നിന്ന് ഏറ്റവും അർഹരായ നൂറ്റിയെഴുപത്തഞ്ചു പേരാണ് നാളെ രാവിലെ നാട്ടിലെത്തുന്നത്. യു.എ.ഇ കെ.എം.സി.സിയുടെ ഫ്ലൈ വിത്ത് ഹോണർ ദൗത്യം ആവശ്യമാണെങ്കിൽ തുടരുമെന്നും അതിനായി വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും നാഷണൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു.

error: Content is protected !!