ഇന്ത്യ കേരളം

കരിപ്പൂർ വിമാനാപകടം ; വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്.
വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. സാധാരണ വിമാനമിറങ്ങുക കാറ്റിന് എതിര്‍ ദിശയിലാണ്. എന്നാല്‍ കാറ്റ് അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്‍റെ വേഗം കൂടുകയും ചെയ്തു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം എങ്ങനെ അപകടത്തില്‍ പെട്ടുവെന്ന് കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ അന്വേഷണ സംഘത്തെ സഹായിക്കും.അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. രണ്ടുതവണ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്. 190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 18 പേരാണ് മരിച്ചത്.

error: Content is protected !!