റാസൽഖൈമ

റാസല്‍ഖൈമയിൽ 13 വയസുകാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് 12 വയസുകാരന്‍ മരണമടഞ്ഞു ; 2 പേർക്ക് പരിക്ക്

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത 13 വയസുള്ള കുട്ടി ഓടിച്ച വാഹനം തകർന്നതിനെ തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരം റാസ് അൽ ഖൈമയിലെ അൽ ഗൈൽ പ്രദേശത്ത് അപകടമുണ്ടായത്.

വാഹനം ഓടിച്ച 13 വയസുകാരനും വാഹനത്തിലുണ്ടായിരുന്ന 11 വയസുള്ള മറ്റൊരു കുട്ടിയ്ക്കും ഗുരുതരമായി പരിക്കേറ്റു. റാസല്‍ഖൈമയിലെ അല്‍ ഗൈലിലായിരുന്നു സംഭവം. 13 വയസുകാരന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

രാത്രി 8.30ഓടെയാണ് റാസല്‍ഖൈമ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന 12 വയസുകാരന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറോടിച്ച 13 വയസുകാരനെയും 11 വയസുള്ള മറ്റൊരു കുട്ടിയെയും ഉടന്‍ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നുവെന്ന് ബ്രിഗേഡിയര്‍ ഹുമൈദി പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ഷാര്‍ജ അല്‍ ദാഇദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് കുട്ടികളെ വാഹനം ഓടിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

error: Content is protected !!