സൗജന്യമായി തനിക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ റസ്റ്റോറന്റ് തകർക്കുമെന്നും ജീവനക്കാരെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ അൽ – മുറാഖാബത്ത് ഏരിയയിലെ റസ്റ്റോറന്റിലാണ് സംഭവം. റസ്റ്റോറന്റിൽ എത്തിയ നാൽപതുകാരനായ മൊറോക്കോ സ്വദേശിയാണ് സൗജന്യഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്.
സെപ്റ്റംബർ 29ന് ആയിരുന്നു തൊഴിൽ രഹിതനായ മൊറോക്കോ സ്വദേശിയായ യുവാവ് റസ്റ്റോറന്റിൽ ബഹളം ഉണ്ടാക്കിയത്. തുടർന്ന് സംഭവം അൽ മുറാഖാബാത്ത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇതിന് മുമ്പും മൊറോക്കോ സ്വദേശിയായ യുവാവ് ഈ റസ്റ്റോറന്റിന് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. റസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങൾ വരുത്തിയതിനാൽ ഇയാൾക്ക് ഭക്ഷണം നൽകരുതെന്ന് നേരത്തെ റസ്റ്റോറന്റിന്റെ ഉടമസ്ഥ നിർദ്ദേശം നൽകിയിരുന്നെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു. പിന്നെയും ഇയാൾ റസ്റ്റോറന്റിൽ എത്തി ബഹളം വെയ്ക്കുന്നെന്ന വിവരം ലഭിച്ച് പത്തു മിനിറ്റിനുള്ളിൽ റസ്റ്റോറന്റിന്റെ ഉമസ്ഥയായ 37കാരിയായ മോറൊക്കോ സ്വദേശിനിയായ യുവതി സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.