ദുബായ്

പോലീസ് പട്രോളിംഗ് വാഹനത്തിൽ കാറ് ഇടിച്ചുകയറ്റി ; ദുബായിൽ 2 കുട്ടികൾ അറസ്റ്റിൽ

പോലീസ് പട്രോളിംഗ് വാഹനത്തിനുനേരെ കാറ് ഇടിച്ചുകയറ്റിയ സംഭവത്തിൽ രണ്ട് കൌമാരക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അൽ വാർഖ പ്രദേശത്താണ് പോലീസ് പട്രോളിംഗ് വാഹനത്തിനുനേരെ കാറിടിച്ചുകയറ്റിയ സംഭവമുണ്ടായത്. കാറോടിച്ചിരുന്നത് 14കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വളരെ അപകടകരമായ രീതിയിലാണ് പ്രതികൾ വാഹനമോടിച്ചതെന്നും, പൊലീസുകാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കിയതായും അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.

അമിത വേഗതയിലെത്തിയപ്പോൾ പോലീസ് പട്രോളിംഗ് സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ട്രാഫിക് സിഗ്നൽ പാലിക്കാതെ എതിർദിശയിലാണ് പ്രതികൾ വാഹനമോടിച്ച് എത്തിയത് ”- ബ്രിഗ് അൽ മാലിക് പറഞ്ഞു. ഡ്രൈവർ 14 വയസുകാരനും കൂട്ടുകാരൻ 15 വയസുകാരനുമാണെന്ന് പോലീസുകാർ കണ്ടെത്തി.

“പ്രാഥമിക അന്വേഷണത്തിൽ സഹോദരൻ അറിയാതെ അയാളുടെ വാഹനമെടുത്താണ് 14കാരനും കൂട്ടുകാരനും കറങ്ങാനിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരുത്തരവാദപരമായ പ്രവൃത്തി ട്രാഫിക് നിയമപ്രകാരം ശിക്ഷിക്കപ്പെടാം. ”- ബ്രിഗ് അൽ മാലിക് പറഞ്ഞു.

error: Content is protected !!