ഖത്തറിലേക്കുള്ള സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ് അറിയിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (ഡിഎക്സ്ബി) നിന്ന് ദോഹയുടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ഡിഒഎച്ച്) രണ്ടുവീതം സർവിസുകൾ ജനുവരി 26 മുതൽ ആരംഭിക്കും.
ദോഹയിലേക്കുള്ള ഫ്ലൈറ്റുകൾ ജനുവരി 26 മുതൽ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്ന ആവശ്യം നിറവേറ്റുന്നതിനായി രണ്ട് ദൈനംദിന സേവനത്തിലൂടെ പ്രവർത്തനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഫ്ലൈദുബായ് സിഇഒ ഗെയ്ത്ത് അൽ ഗെയ്ത്ത് വ്യക്തമാക്കി.
ജനുവരി 26ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് യുഎ.ഇ സമയം രാവിലെ 8.45ന് വിമാനം പുറപ്പെടും. ഈ വിമാനം ഖത്തർ സമയം രാവിലെ ഒമ്പതിന് ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തും. ഇതേ ദിവസം മറ്റൊരു വിമാനം കൂടി ദുബായിൽ നിന്ന് വൈകുന്നേരം 7.45ന് പുറപ്പെടും.
ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതിനെ തുടർന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതൽ തുറന്നിരുന്നു.