യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി ജോ ബൈഡന്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം വൈറ്റ് ഹൗസിലെത്തിയ ജോ ബൈഡന്, ട്രംപിനെ തിരുത്തുന്ന 17 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്
പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതാണ് ഇതില്‍ പ്രധാന ആദ്യത്തെ ഉത്തരവ്.കോവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ബൈഡന് സ്വീകരിച്ചത്.
191 രാജ്യങ്ങള്‍ ഒപ്പിട്ട പാരിസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുളള സഹകരണവും സഹായവും പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലും ബൈഡന് ഒപ്പിട്ടു. ട്രംപിന്റെ കാലത്ത് ഏകപക്ഷീയമായി പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയിരുന്നു.
മുസ്ലീം ഭൂരിപക്ഷമുളള 7 രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റ വിലക്ക് നീക്കല്‍, യു.എസ് -മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുളള മതില് നിര്‍മാണത്തിന്റെ ഫണ്ട് മരവിപ്പിക്കല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് കരുതുന്ന കീസ്റ്റോണ്‍ – എക്സ്.എല്‍ പൈപ്പ്ലൈന് പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റു ഉത്തരവുകള്‍.
വംശീയ അടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുളള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധികളുടെ എണ്ണം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുളള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളിലും യു.എസ് പ്രസിഡന്റ് ജോ ബൈഡന് ആദ്യ ദിനത്തില്‍ ഒപ്പിട്ടു.