ഇന്ത്യ കേരളം

സംഗീതസംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു.

ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പശ്ചാത്തല സംഗീതത്തിന് മൂന്നു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. തിരക്കഥാകൃത്തെന്ന നിലയിലും അറിയപ്പെടുന്നു. കുട്ടിസ്രാങ്ക്, സ്വം ഉൾപ്പെടെ നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി.

സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ തന്നെ ഇഷ്ടവിനോദങ്ങളായിരുന്നു. കൈരളി ചാനലിന്‍റെ സിഗ്നേച്ചര്‍ സോങ്ങായ “നീലവാനിനു കീഴിലായ്…” ഒരുക്കിയത് ഐസക് തോമസ് കോട്ടുകപ്പള്ളിയാണ്. കെ .ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.

ഇന്ത്യാവിഷൻ ചാനലിന്റെ ന്യൂസടക്കമുള്ള എല്ലാ പ്രോഗ്രാമുകളുടേയും സിഗ്നേച്ചർ മ്യൂസിക് ചെയ്തത് ഐസക് കൊട്ടുകാപ്പള്ളിയായിരുന്നു.

അതുല്യ പ്രതിഭാശാലിയായ കൊട്ടുകാപ്പള്ളിയുടെ വിയോഗം സംഗീത ലോകത്തിന് കനത്ത നഷ്ടം തന്നെയാണ്.

error: Content is protected !!