അന്തർദേശീയം ആരോഗ്യം

കൊവിഡ് പടര്‍ന്നത് വുഹാനിലെ ലാബിൽ നിന്നല്ല ; തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് പടര്‍ന്നത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദം തള്ളി ചൈനയില്‍ പഠനത്തിനായെത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം അറിയിച്ചു. വൈറസിന്‍റെ ഉത്ഭവം അന്വേഷിച്ച്‌ കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘമാണ് ചൈനയില്‍ എത്തിയിരുന്നത്.രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.

കൊറോണ വൈറസിന് ഒരു പൂര്‍വ ചരിത്രം ഉണ്ടോ, 2019 ഡിസംബറിനേക്കാള്‍ മുമ്പുതന്നെ പ്രചരിക്കുന്നുണ്ടോ, ആരോപണം ഉയര്‍ന്നതുപോലെ വുഹാനിലെ ലബോറട്ടറിയില്‍നിന്ന് ലീക്ക് ചെയ്തതാണോ എന്നെല്ലാമായിരുന്നു പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉത്ഭവം മൃഗങ്ങളില്‍നിന്നാണോ എന്ന് കണ്ടെത്തുന്ന ശ്രമത്തിനും മതിയായ തെളിവുകള്‍ വിദഗ്ധ സംഘത്തിന് ലഭിച്ചില്ല.

കൊവിഡ് 19 നു കാരണമായ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നോ വന്നതാകാമെന്നാണ് ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം കണ്ടെത്തിയത്. കൊവിഡ് 19 ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു സംഘത്തിന് നേതൃത്വം നല്‍കുന്ന പീറ്റര്‍ ബെന്‍ എംബാരകിന്റെ പ്രതികരണം.

2019ല്‍ വുഹാനിലെ മാര്‍ക്കറ്റിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടത്. കൊവിഡ് ആദ്യം കണ്ടെത്തിയ ഡിസംബര്‍ 19ന് മുന്‍പു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞു.വന്യജീവികളുടെ ശീതികരിച്ച മാംസത്തിലൂടെയായിരിക്കാം വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന സാധ്യതയ്ക്കാണ് ലോകാരോഗ്യ സംഘടന മുന്‍തൂക്കം നല്‍കുന്നതെന്നും പീറ്റര്‍ എംബാരക് പറഞ്ഞു.

ചൈനയുടെ ശക്തമായ നിയന്ത്രണത്തിലാണ് സംഘം പരിശോധന നടത്തുന്നത് എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വുഹാനിലെത്തിയതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

error: Content is protected !!