യു.എ.ഇ ടൂറിന് ഞായറാഴ്ച തുടക്കം. ദുബൈ, അബൂദബി, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലൂടെ 1045 കിലോമീറ്റര്‍ താണ്ടി 27ന് സമാപിക്കുന്ന പരിപാടി അബൂദബി, ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഗള്‍ഫിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്ലിങ് ടൂറിന് റുവൈസിലാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ അബൂദബി വരെയുള്ള 177 കിലോമീറ്റര്‍ പിന്നിടണം. രണ്ടാം ഘട്ടം ഹുദൈറിയത്ത് ഐലന്‍ഡിലേക്കുള്ള 13 കിലോമീറ്റര്‍. മൂന്നാം ഘട്ടം അല്പം ദുര്‍ഘടമാണ്. അബൂദബിയില്‍ നിന്ന് അല്ഐനിേലക്കുള്ള 162 കിലോമീറ്ററിനിടെ ജബല്‍ ഹഫീതിലെ പത്ത് കിലോമീറ്റര്‍ ദുര്‍ഘട പാതയും കടക്കണം. നാല്, അഞ്ച് ഘട്ടങ്ങളിലായി മൂന്ന് എമിറേറ്റുകളിലൂടെ സൈക്ലിസ്റ്റുകള്‍ യാത്ര ചെയ്യും.
റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവ വഴിയുള്ള രണ്ട് ഘട്ടങ്ങളിലായി 374 കിലോമീറ്റര്‍ താണ്ടണം. ഇതിനിടയിലാണ് ജബല്‍ ജൈസും അല്‍ ബര്ജാന് ദ്വീപും. ആറാം ഘട്ടത്തിലാണ് ദുബൈയിലേക്ക് പ്രവേശിക്കുന്നത്. അല്‍ ഖുദ്രയും, ദേരയും പാം ജുമൈറയുമെല്ലാം പിന്നിട്ട് അവസാന ദിനം തിരിച്ച് അബൂദബിയില്‍ തന്നെ എത്തും. യാസ് മാളില്‍ നിന്നാരംഭിച്ച് ബ്രേക് വാട്ടറില്‍ അവസാനിക്കുന്ന 147 കിലോമീറ്റര്‍ പോരാട്ടത്തിനൊടുവില്‍ മെഡല്‍ പോഡിയത്തിലേക്ക് വിജയായി ചാമ്ബ്യനെത്തും.