അബൂദാബി

റമദാൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

അബുദാബി: റമദാൻ മാസത്തിൽ വിവിധ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തിൽ മികവ് തെളിയിച്ച നിർധനരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായവും അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റമദാൻ കിറ്റ് പദ്ധതിയുമാണ് ലുലു നടപ്പിലാക്കുന്നത്.

അബുദാബി യൂണിവേഴ്സിറ്റിയുമായും എമിറേറ്റ്സ് റെഡ് ക്രസൻ്റുമായി ചേർന്നാണ് വിദ്യാർത്ഥികൾക്കുള്ള ധനസഹായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അബുദാബി യൂണിവേഴ്സിറ്റിയുടെ “ഇഖ്റാ” പദ്ധതിയിലൂടെയാണ് എമിറേറ്റ്സ് റെഡ് ക്രസൻ്റുമായി ചേർന്ന് പഠനത്തിൽ മികവ് തെളിയിച്ച 300 നിർധനരമായ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നത്. ലുലുവിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇഖ്റാ പദ്ധതിയിലേക്ക് രണ്ട് ദിർഹം സംഭാവനയായി നൽകാം. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം നിർധനരായ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് വിനിയോഗിക്കും.

അബുദാബി ഖാലിദിയ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദാബി യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ വഖാർ അഹമ്മദ്, എമിറേറ്റ്സ് റെഡ് ക്രസൻ്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് യൂസഫ് അൽ ഫാഹിം, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

രാഷ്ട്രവികസനത്തിൽ സാമൂഹിക പങ്കാളിത്തമെന്ന യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ആശയത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് അബുദാബി യൂണിവേഴ്സിറ്റി പിന്തുടരുന്നതെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ അലി സായിദ് ബിൻ ഹർമാൽ അൽ ദാഹിരി പറഞ്ഞു. ഇതിലൂടെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനസഹായം ലഭ്യമാക്കാൻ കഴിയുമെന്നും ലുലു ഗ്രൂപ്പ്, എമിറേറ്റ്സ് റെഡ് ക്രസൻ്റ് എന്നിവർക്ക് പ്രസ്തുത പദ്ധതി പങ്കാളിത്തതിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റമദാൻ മാസത്തിൽ അബുദാബി യൂണിവേഴ്സിറ്റി, എമിറേറ്റ്സ് റെഡ് ക്രസൻ്റ് എന്നിവരുമായി ചേർന്ന് റമദാൻ മാസത്തിൽ ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് സി.ഇ.ഒ. പറഞ്ഞു.

സാമൂഹിക പങ്കാളിത്തത്തിലൂടെ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇത്തരത്തിലുള്ള പദ്ധതിയിലൂടെ കണ്ടെത്തുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻ്റ് സെക്രട്ടറി ജനറൽ ഡോക്ടർ മുഹമ്മദ് അതീഖ് അൽ ഫലാഹി അഭിപ്രായപ്പെട്ടു.

റമദാൻ കിറ്റ് ഒരുക്കി ലുലു

റമദാൻ മാസത്തിൽ അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തൊടെയാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ കിറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന 85 ദിർഹത്തിൻ്റെയും 125 ദിർഹത്തിൻ്റെയും കിറ്റുകളാണ് ലുലു പുറത്തിറക്കിയിട്ടുള്ളത്. അരി, പാൽപ്പൊടി, എണ്ണ, എന്നിവയടങ്ങിയ ഉത്പന്നങ്ങളെല്ലാം വിപണി വിലയിലും കുറച്ചാണ് കിറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലുള്ള ലുലു ഹൈപ്പർ – സൂപ്പർമാർക്കറ്റുകളിൽ നിന്നും നേരിട്ടോ ഓൺലൈനായോ കിറ്റ് വാങ്ങാം.

റമദാൻ മാസത്തിൽ ഗാർഹിക ഭക്ഷ്യയുൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞ വിലയ്ക്ക് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ് റഫ് അലി പറഞ്ഞു. റമദാനിലെ ഇളവുകൾ ലഭ്യമാക്കാൻ 40 ദശലക്ഷം ദിർഹമാണാ് ലുലു വകയിരുത്തിയിട്ടുള്ളത്. 30,000 ത്തിലേറെ ഉൽപ്പന്നങ്ങൾ ഇതിലുൾപ്പെടുമെന്ന് അഷ് റഫ് അലി കൂട്ടിച്ചേർത്തു.

error: Content is protected !!