അബൂദാബി ആരോഗ്യം ചുറ്റുവട്ടം

സ്വാന്തനപ്രവർത്തനങ്ങളുമായി അബുദാബി കേരള സോഷ്യൽ സെന്റെർ

കോവിഡ്-19  പശ്ചാത്തലത്തിൽ തലസ്ഥാന നഗരിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ അബുദാബി കേരള സോഷ്യൽ സെന്റർ നടത്തുന്ന സ്വാന്തനപ്രവർത്തനങ്ങൾ മാതൃകാപരമാകുന്നു. മാർച്ച് മാസം ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ 3000 ലധികം പേർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കുവാൻ സെന്ററിന് സാധിച്ചിട്ടുണ്ട്. അബുദാബി ശക്തി തിയറ്റേഴ്‌സ്, യുവകലാസാഹിതി, ഫ്രെണ്ട്സ് എ.ഡി.എം.എസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് കേരള സോഷ്യൽ സെന്റർ പ്രവർത്തനങ്ങൾ സക്രിയമാക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് പുറമെ ആവശ്യമുള്ളവർക്ക്  വൈദ്യ സഹായങ്ങൾ എത്തിക്കുന്നതിനും സെന്റർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുപോലെ കോവിഡ് മൂലം മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്കും ശാസ്ത്രീയമായ പരിഹാരങ്ങൾ വിദഗ്ധ ഡോക്ടർമാരുടെ സഹകരണത്തോടെ ലഭ്യമാക്കുന്നുണ്ട്. വിവിധ വാണിജ്യ സ്ഥാപങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും നിസ്സീമമായ സഹകരണത്തിലൂടെയാണ്  പ്രവർത്തനം ഊർജ്ജിതമാകുന്നത്. സെന്റർ വളണ്ടിയമാർ വിവിധ വിഭാഗങ്ങളായിട്ടാണ് സന്നദ്ധ പ്രവർത്തങ്ങളിൽ വ്യാപൃതരാകുന്നത്. വനിതാ വിഭാഗത്തിന്റെ സജീവമായ സാന്നിധ്യവുമുണ്ട്. മാസ്കുകളുടെ വിതരണം വനിതാവിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നടത്തപ്പെടുന്നത്.

ഫാബ്, എമിറേറ്സ് ഫൌണ്ടേഷൻ എന്നിവ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ  സഹകരണത്തോടെ നടത്തപ്പെടുന്ന ഭക്ഷ്യ വിതരണത്തിലും സെന്ററിന്റെ സജീവപങ്കാളിത്തമുണ്ട്. അതുപോലെ ജലീൽ ട്രേഡിങ്ങ് നൽകിയ ഭക്ഷ്യ കിറ്റുകളും വിതരണത്തിന് വേണ്ടി കേരള സോഷ്യൽ സെന്ററിൽ എത്തിയിട്ടുണ്ട്. നാട്ടിലേക്ക്  മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്നുന്നവർക്ക് നോർക്ക ഏർപ്പെടുത്തിയ  രജിസ്‌ട്രേഷൻ പ്രവർത്തനത്തിലും സെന്റർ പ്രവർത്തകർ സഹായത്തിനായുണ്ട്. നോർക്ക ഏർപ്പെടുത്തിയ  ഹെൽപ്പ് ഡസ്കിന്റെ  അബുദാബിയിലെ ആസ്ഥാനം കൂടിയാണ് അബുദാബി കേരള സോഷ്യൽ സെന്റർ. 24  മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിലേക്ക് നിരവധി പേരാണ് നിത്യേന സഹായത്തിനായി സമീപിക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് 02  6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾ പ്രത്യേകം വിലയിരുത്തുകയും കൂടുതൽ പരിഗണനയ്ക്കായി ഓരോ വിഭാഗത്തിന്   നൽകുകയും ചെയ്തുകൊണ്ടുള്ള പ്രവർത്തന രീതിയാണ് നടക്കുന്നത്. ഓരോ ദിവസത്തെ പ്രവർത്തനത്തെ അവലോകനം ചെയ്യാനും നിർദേശങ്ങൾ നൽകുവാനും   ഒരു സമർപ്പിത വിഭാഗവുമുണ്ട്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് സെന്റർ  ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ എംബസിയുമായി സെന്റർ വളരെ നല്ല രീതിയിൽ സഹകരിച്ച്  പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ താക്കോലായ പ്രവാസികളിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ പതിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രസിഡന്റ് വി.പി കൃഷ്ണകുമാറും ജനറൽ സെക്രട്ടറി ലൈന മുഹമ്മദും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ അസ്ഥിരത അനുഭവിക്കുന്ന  പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

error: Content is protected !!